
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യത്ത് ചാരവൃത്തിക്ക് പിടിയിലായ വ്ലോഗർ ജ്യോതി മൽഹോത്ര വന്ദേഭാരതിൻ്റെ ഉദ്ഘാടന യാത്രയിലും കേരളത്തിൽ എത്തി. തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിൻ്റെ ഉദ്ഘാടന യാത്രയിലും പാക് ചാര പ്രവർത്തക ജ്യോതി മൽഹോത്ര പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഉദ്ഘാടന യാത്രയിൽ ഒപ്പം കേന്ദ്ര മന്ത്രി വി മുരളീധരനും ഉണ്ടായിരുന്നു. കാസർകോട് നിന്ന് തിരുവനന്തപുരം വരെയാണ് ജ്യോതി മൽഹോത്ര യാത്ര ചെയ്തത്. 2023 ഏപ്രിൽ 25-നാണ് ഇവർ കാസർകോട് എത്തിയത്.
ജ്യോതി മൽഹോത്ര കേരളത്തിൽ വന്നതിനെ കുറിച്ച് വലിയ രീതിയിൽ ചർച്ച ഉയരുന്നതിനിടെയാണ് പുതിയ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്. ജ്യോതി മൽഹോത്ര കേരളത്തിൽ വന്നതിൽ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ കുറ്റപ്പെടുത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചാരപ്രവർത്തകയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ വ്‌ളോഗറെ കേരളത്തിലേക്ക് വിളിക്കില്ലെന്നും അവർ ഇവിടെ വരുമ്പോൾ ചാരപ്രവർത്തകയാണെന്ന് ആർക്കെങ്കിലും അറിയുമോയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇൻഫ്ളുവൻസർമാരെ കൊണ്ടുവരുന്നത് എംപാനൽഡ് ഏജൻസികളാണെന്നും അതിൽ മന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ജ്യോതി മൽഹോത്ര കഴിഞ്ഞ ജനുവരിയിലാണ് കേരളത്തിലെത്തിയത്. കൊച്ചിൻ ഷിപ് യാർഡ്, മട്ടാഞ്ചേരിയിലെ ആരാധനാലയങ്ങൾ, ചരിത്ര സ്മാരകങ്ങൾ, ഷോപ്പിംഗ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവ സന്ദർശിച്ച് ദൃശ്യങ്ങൾ പകർത്തിയിരുന്നു. പിന്നീടാണ് ജ്യോതി മൽഹോത്ര നിരവധി തവണ പാകിസ്താൻ സന്ദർശിച്ചതായും പാകിസ്താനിലെ ഇന്റലിജൻസ് വിഭാഗവുമായി ബന്ധം പുലർത്തിയതായും വിവരം ലഭിക്കുകയും അന്വേഷണ സംഘത്തിൻ്റെ പിടിയിലാകുകയും ചെയ്തത്.