‘ഇതാണ് നഗ്നമായ നിയമലംഘനം’, ഇന്ത്യൻ പൗരത്വം ലഭിക്കും മുന്നേ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ, തെളിവുകൾ പുറത്ത് വിട്ട് അമിത് മാളവ്യയും അനുരാഗ് താക്കൂറും

ഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ അതിശക്തമായ പ്രതിഷേധം നയിക്കുന്നതിനിടെ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും തിരിച്ചടിയുമായി ബിജെപിയുടെ ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യയും അനുരാഗ് താക്കൂറും രംഗത്ത്. സോണിയാ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്ന 1983 ന് മുമ്പേ തന്നെ അവരുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെന്ന ഗുരുതര ആരോപണമാണ് മാളവ്യയും താക്കൂറും നടത്തിയിരിക്കുന്നത്. 1980 ൽ സോണിയയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെന്നും ഇത് നിയമലംഘനമാണെന്നും മാളവ്യ ആരോപിച്ചു.

സോണിയാ ഗാന്ധി ഇന്ത്യൻ പൗരത്വം നേടിയത് 1983-ലാണ്, എന്നാൽ അതിന് മൂന്ന് വർഷം മുമ്പ്, ഇറ്റാലിയൻ പൗരയായിരിക്കെ, അവരുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കപ്പെട്ടുവെന്നാണ് ബിജെപിയുടെ വാദം. 1980-ൽ ന്യൂഡൽഹി ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടിക പുനഃപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, സോണിയാ ഗാന്ധിയുടെ പേര് 145-ാം പോളിങ് സ്റ്റേഷനിലെ 388-ാം സീരിയൽ നമ്പറിൽ ഉൾപ്പെടുത്തിയതായി മാളവ്യ ചൂണ്ടിക്കാട്ടി. അക്കാലത്ത് ഗാന്ധി കുടുംബം താമസിച്ചിരുന്നത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 1, സഫ്ദർജങ് റോഡിൽ ആയിരുന്നു. ഈ വിലാസത്തിൽ അന്ന് രജിസ്റ്റർ ചെയ്തിരുന്ന വോട്ടർമാർ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, മനേകാ ഗാന്ധി എന്നിവർ മാത്രമായിരുന്നു.

സോണിയാ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയത് തിരഞ്ഞെടുപ്പ് നിയമങ്ങളുടെ “നഗ്നമായ ലംഘനം” ആണെന്ന് മാളവ്യ ആരോപിച്ചു. അനർഹരായ വ്യക്തികളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനും, എസ്ഐആർ (വോട്ടർ പട്ടിക പരിഷ്കരണം) എതിർക്കാനുമുള്ള രാഹുൽ ഗാന്ധിയുടെ നിലപാടിന് പിന്നിൽ ഈ ചരിത്രമാകാമെന്നും അദ്ദേഹം സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു. ഈ ആരോപണങ്ങളോട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

More Stories from this section

family-dental
witywide