
ഹ്യൂസ്റ്റൺ: മേയ് 3 ടെക്‌സാസിലെ സമ്പന്ന നഗരങ്ങളിലൊന്നായ ഷുഗർലാൻഡ് സിറ്റി കൗൺസിലിലേക്കുള്ള തെരെഞ്ഞെടുപ്പ് നടക്കുന്ന ദിനം. ‘നമ്മളിൽ ഒരാൾ ഈ നാടിന്റെ പ്രതിനിധിയാകാൻ അങ്കത്തട്ടിൽ പോരാട്ടത്തിന് ഇറങ്ങുകയാണ്.
അറ്റ് ലാർജ് പൊസിഷൻ ഒന്നിലേക്ക് മത്സരിക്കുന്ന ഡോ. ജോർജ് കാക്കനാട്ട് ആണ് നമ്മുടെ അഭിമാനമായി മത്സര രംഗത്ത് ഉള്ളത്. അദ്ദേഹം തികഞ്ഞ വിജയ പ്രതീക്ഷയിൽ ആണ്.അദ്ദേഹം മികച്ച പ്രചാരണമാണ് നടത്തിയത്. എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയും ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നു.
അദ്ദേഹത്തിന് സ്വന്തം സമൂഹത്തോട് ഒരു അഭ്യർഥന മാത്രം, വോട്ടുള്ളവർ നിർബന്ധമായും തനിക്കു വോട്ട് ചെയ്ത സഹായിക്കണം. അല്ലാത്തവർ ഫോണിലൂടെയും മറ്റും പരിചയക്കാരെ ബന്ധപ്പെട്ട് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കണം.
മേയറും ആറ് കൗണ്സിലർമാരുമാണ് നഗരത്തിന്റെ ഭരണം നടത്തുന്നത്. അതിൽ രണ്ടു പേർ അറ്റ് ലാർജ് കൗണ്സിലർമാരാണ്. മൊത്തം വോട്ടർമാരാണ് അവരെ തെരഞ്ഞെടുക്കുന്നത്.

38 ശതമാനം ഏഷ്യക്കാർ
ആകെ 111,000 ൽ പരം ജനസംഖ്യയുള്ള ഷുഗർലാണ്ടിൽ 38 ശതമാനം വീതം ഏഷ്യക്കാരും വെള്ളക്കാരും ആണ് . 12 ശതമാനം ഹിസ്പാനിക്കുകയും 7 ശതമാനം കറുത്തവരും. വലിയ തോതിൽ മലയാളികളുണ്ട്. റിപ്പബ്ലിക്കൻ പക്ഷത്തുള്ള നഗരമെങ്കിലും സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയ അടിസ്ഥാനത്തിൽ അല്ല.

വോട്ട് ചെയ്യാൻ മറക്കരുത്
സുപ്രധാനമായ തെരെഞ്ഞെടുപ്പാണെങ്കിലും ഇന്ത്യക്കാർ മുഖം തിരിച്ചു നിൽക്കുകയാണ് പതിവ്. മലയാളികൾക്കും പൊതുവെ ഇതിനൊന്നും താൽപ്പര്യം ഇല്ല എന്ന മട്ടാണ്.ഇത് ഏറെ ഖേദകരമാണെന്ന് ജോർജ് കാക്കനാട്ട് പറയുന്നു. “നമ്മുടെ നിത്യ ജീവിതത്തിൽ ഏറ്റവും സ്വാധീനമുള്ള ഭരണസ്ഥാപനമാണ് സിറ്റി കൗൺസിലുകൾ. അവിടെ എടുക്കുന്ന തീരുമാനങ്ങൾ നമ്മെ നേരിട്ട് ബാധിക്കുന്നു. അപ്പോൾ നമ്മുടെ ഒരാളെ തെരഞ്ഞെടുക്കാൻ കിട്ടിയ അവസരം നാം ഉപയോഗിക്കാതിരിക്കുന്നത് ഏറെ ദുഖകരമാണ്.” – അദ്ദേഹം പറയുന്നു.

ഷുഗർലാൻഡിന് മധുരം കൂടട്ടെ
സാമ്പത്തിക അച്ചടക്കം പാലിക്കുക , ജീവിത നിലവാരം ഉയർത്തുക, പൊതുസുരക്ഷിതത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് ഡോ. ജോർജ് രംഗത്തിറങ്ങിയിരിക്കുന്നത്.
നഗരത്തിന്റെ ബജറ്റ് ഫലപ്രാപ്തിക്കും കാര്യക്ഷമതയ്ക്കും ലേസർ പോലെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നദ്ദേഹം നിർദേശിക്കുന്നു. നികുതികളും പിഴകളും ഫീസും മിനിമം ആക്കണം. ഏറ്റവും കുറഞ്ഞ ചെലവിൽ സേവനങ്ങൾ നൽകുന്നതിനായി നഗരത്തിന്റെ വളർച്ചയിലും വികസനത്തിലും എല്ലാ ഘട്ടങ്ങളിലും ജനപങ്കാളിത്തം ഉറപ്പാക്കണം എന്നും അദ്ദേഹം പറയുന്നു.

പൊതു സുരക്ഷയ്ക്കാണ് മുൻഗണന. പോലീസ്, ഫയർ, റെസ്‌ക്യൂ, എമർജൻസി മെഡിക്കൽ സേവനങ്ങൾ ഏറ്റവും മികച്ച രീതിയിൽ തന്നെ തുടരണം. പാർക്കുകളും പൊതു സ്ഥലങ്ങളും എല്ലാവർക്കും ഉപകരിക്കത്തക്ക രീതിയിൽ പരിപാലിക്കണം .
കുടുംബങ്ങൾക്കും ബിസിനസ്സിനും മികച്ച അവസരങ്ങൾ നൽകുന്ന ടെക്‌സാസിലെ ഏറ്റവും നല്ല നഗരമായി ഷുഗർലാൻഡ് മാറണം-തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. മികച്ച നഗരമായി ഷുഗർലാൻഡ് കെട്ടിപ്പടുത്തവർക്കു അദ്ദേഹം നന്ദിയും പറയുന്നു.

ആരാണ് ഡോ ജോർജ്
യു.എസ് എയർഫോഴ്സ് ക്യാപ്റ്റൻ ആയ അദ്ദേഹം ഇറാഖ് യുദ്ധം ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിൽ പങ്കെടുക്കുകയുണ്ടായി. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്ടായ ഡോ. ജോർജ്, ആഴ്ചവട്ടം പത്രത്തിന്റെ ചീഫ് എഡിറ്ററുമാണ്. താനും ഭാര്യ സാലിയും തങ്ങളുടെ ബിസിനസ്സ് കെട്ടിപ്പടുത്തതും മൂന്ന് മക്കളെ വളർത്തിയതും ഷുഗർ ലാൻഡിലാണ് എന്നതിൽ അഭിമാനിക്കുന്നുവെന്ന് പ്രകടനപത്രികയിൽ പറയുന്നു. മക്കൾ ഹൂസ്റ്റൺ സർവകലാശാലയിലും FBISD സ്കൂളുകളിലും പഠിച്ചവരാണ് .
‘ഞങ്ങൾ ഈ നഗരത്തെ സ്നേഹിക്കുന്നു. എൻ്റെ ജീവിതം വിശ്വാസത്തിനും സ്വാതന്ത്ര്യത്തിനും കുടുംബത്തിനും സ്വതന്ത്ര സംരംഭത്തിനും വേണ്ടി പ്രതിജ്ഞാബദ്ധമാണ്. ഞാൻ ചെയ്ത എല്ലാ കാര്യങ്ങളിലും നമ്മുടെ രാജ്യം, നമ്മുടെ സമൂഹം, നഗരം എന്നിവയാണ് എൻ്റെ മുൻഗണനകൾ.’ സൈനിക സേവനമനുഷ്ഠിക്കുന്നതിന് മുമ്പ് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ അദ്ദേഹം ബർണി റോഡ് മുനിസിപ്പൽ യൂട്ടിലിറ്റീസ് ബോർഡ് ഓഫ് ഡയറക്റ്ററായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഗ്ലെൻ ലോറൽ ഹോം ഓണേഴ്‌സ് അസോസിയേഷൻ്റെ പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചു.
ബിസിനസ് സംരംഭകൻ എന്ന നിലയിൽ, ഫോർട്ട് ബെൻഡ് ചേംബർ ഓഫ് കൊമേഴ്സ് അംഗമാണ്. ഷുഗർ ലാൻഡ് റോട്ടറി, ഷുഗർ ലാൻഡ് ലയൺസ് ക്ലബ്, സെൻ്റ് തെരേസാസ് കാത്തലിക് ചർച്ചിലെ നൈറ്റ്‌സ് ഓഫ് കൊളംബസ് എന്നിവയിലും അംഗമാണ്. മുൻ സൈനികൻ എന്ന നിലയിൽ ഷുഗർ ലാൻഡ് അമേരിക്കൻ ലീജിയൻ പോസ്റ്റ് 942 ൽ അംഗവും ആണ് അദ്ദേഹം.
Voting for City Council began don’t forget to vote













