
ഏറ്റവും ലളിതവും ആഘാതം കുറഞ്ഞതുമായ വ്യായാമമാണ് നടത്തം. ആഡംബര ഉപകരണങ്ങളോ ഉയര്‍ന്ന ജിം ഫീസോ ഇല്ലാതെ നടത്തം എല്ലാവര്‍ക്കും എപ്പോള്‍ വേണമെങ്കിലും ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. ഹൃദയാരോഗ്യത്തിനും, എല്ലുകള്‍ക്കും സന്ധികള്‍ക്കും, എല്ലാം നടത്തം നല്ലതാണ്. ദിവസവും കുറഞ്ഞത് 7,000 ചുവടുകളെങ്കിലും നടക്കുന്നത്, പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക് അകാല മരണ സാധ്യത 70% വരെ കുറയ്ക്കാന്‍ കഴിയുമെന്ന് ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു. കാന്‍സര്‍, ഡിമെന്‍ഷ്യ, ഹൃദ്രോഗം എന്നിവയുള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനുള്ള സാധ്യതയാണ് ഈ നടത്തമെന്നും പഠനത്തില്‍ പറയുന്നു.

ദിവസേന ആരോഗ്യത്തിനായി പതിനായിരം ചുവടെന്ന കണക്കും പലരും പറയുന്നുണ്ടെങ്കിലും ഏഴായിരം ചുവടുകള്‍ വെച്ചാലും നിങ്ങളില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കും. 1960-കളില്‍ ജപ്പാനില്‍ നടന്ന ഒരു മാര്‍ക്കറ്റിംഗ് കാമ്പെയ്നിലാണ് 10,000 ചുവടുകളുടെ കണക്ക് നടത്തത്തിനായി കണ്ടെത്തിയത്. ഇത് പിന്നീട് അനൗദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശമായി മാറി. ഇന്ന് പല ഫിറ്റ്നസ് ട്രാക്കര്‍മാരും ആപ്പുകളും ഇതേ പതിനായിരം ചുവടുകള്‍ തന്നെ ശുപാര്‍ശ ചെയ്യുന്നു.
ലോകമെമ്പാടുമുള്ള 160,000-ത്തിലധികം മുതിര്‍ന്നവരുടെ ആരോഗ്യത്തെയും പ്രവര്‍ത്തനത്തെയും കുറിച്ചുള്ള ഗവേഷണങ്ങളും പഠനങ്ങളും ലാന്‍സെറ്റ് പഠനം വിശകലനം ചെയ്യുകയും ദിവസം 2,000 ചുവടുകള്‍ നടന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, 7,000 ചുവടുകള്‍വെച്ചവരില്‍ നേട്ടങ്ങള്‍ വലുതായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ 25% കുറവുള്ളതായി കണ്ടെത്തി.
കാന്‍സര്‍ – 6%, ഡിമെന്‍ഷ്യ 38%, വിഷാദം – 22% കുറവ് എന്നിങ്ങനെയാണ് 7000 ചുവടുകള്‍ നമ്മുടെ ആരോഗ്യത്തെ പരിപാലിക്കുന്നത്.

നടത്തവും ദീര്‍ഘായുസ്സും തമ്മില്‍ എന്താണ് ബന്ധം?
നടത്തവും ആയുര്‍ദൈര്‍ഘ്യവും തമ്മിലുള്ള ബന്ധം നിരവധി പ്രധാന പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്ന് 2021-ല്‍ ജാമ നെറ്റ്വര്‍ക്ക് ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമാണ്. 38 നും 50 നും ഇടയില്‍ പ്രായമുള്ള 2,000-ത്തിലധികം പുരുഷന്മാരെ ഏകദേശം 10 വര്‍ഷത്തോളം ഗവേഷകര്‍ നിരീക്ഷിച്ചു. പ്രതിദിനം 7,000 ചുവടുകള്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ നടന്ന പുരുഷന്മാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് നേരത്തെ മരിക്കാനുള്ള സാധ്യത 70% കുറവാണെന്ന് അവര്‍ കണ്ടെത്തി.
ദിവസം കുറഞ്ഞത് അരമണിക്കൂര്‍ നേരം നടക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണംചെയ്യും. ഇതിനു കഴിഞ്ഞില്ലെങ്കിലും ഇടയ്ക്കിടെയുള്ള ചെറുനടത്തവും ഗുണകരമാണ്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്താനും ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യത കുറയ്ക്കാനും ഇത് ഗുണം ചെയ്യും. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവ നിയന്ത്രിക്കാനും സഹായിക്കുന്നു.

ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും നടത്തം സഹായിക്കും. നടക്കുമ്പോള്‍ വിയര്‍പ്പിലൂടെ ശരീരത്തിലെ വിഷവസ്തുക്കള്‍ പുറന്തള്ളപ്പെടുന്നതിനാല്‍ ചര്‍മത്തിന് തിളക്കം വര്‍ധിക്കും. മാത്രമല്ല, അസ്ഥികളെയും മസിലുകളെയും ബലപ്പെടുത്താനും നടത്തത്തിലൂടെ ശരീരത്തിലും മനസ്സിലും ഊര്‍ജം നിലനിര്‍ത്താനും കഴിയും. നിരപ്പായ പാതകള്‍ നടത്തത്തിന് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ആദ്യത്തെയും അവസാനത്തെയും പത്ത് മിനിറ്റ് നേരം നടത്തത്തിന്റെ വേഗത കുറയ്ക്കണം. നടക്കുമ്പോള്‍ പാദങ്ങള്‍ പൂര്‍ണമായും നിലത്ത് പതിയുന്നുണ്ടെന്നും ഉറപ്പാക്കുക.