ഇറാനെതിരെയുള്ള യുദ്ധം; അമേരിക്കയിൽ ട്രംപിനും ഇസ്രയേലിനുമെതിരെ വൻ പ്രതിഷേധം

വാഷിംഗ്ടൺ: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായിരിക്കെ അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനും ഇസ്രയേലിനുമെതിരെ ശക്തമായ പ്രതിഷേധം. ഇറാൻ സംഘർഷത്തിൽ അമേരിക്ക ഇടപെടരുതെന്നും ഇനിയും യുദ്ധങ്ങൾ വേണ്ടെന്നുമുള്ള മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് വൈറ്റ് ഹൗസിന് പുറത്തും ന്യൂയോർക്ക് സിറ്റി, മാൻഹാട്ടൻ എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. ‘ഹാൻഡ്‌സ് ഓഫ് ഇറാൻ’, വംശഹത്യക്ക് പണം നൽകുന്നത് നിർത്തണം എന്നെഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാരുടെ കയ്യിലുണ്ടായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഏത് സമയവും ഇറാനെ അക്രമിച്ചേക്കുമെന്ന സൂചന നേരത്തെ നൽകിയിരുന്നു. എനിക്ക് അത് പറയാന്‍ പറ്റില്ല. ഞാന്‍ അത് ചെയ്യുമെന്ന് പോലും നിങ്ങള്‍ക്കറിയില്ല. ഞാന്‍ ചിലപ്പോള്‍ ചെയ്‌തേക്കാം, ചെയ്യാതിരിക്കാം. ഞാനെന്ത് ചെയ്യുമെന്ന് ആര്‍ക്കുമറിയില്ല’, എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. പശ്ചിമേഷ്യയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സം​ഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെട്ടേക്കും എന്ന അഭ്യൂഹം ശക്തമായിരിക്കെ റഷ്യ അമേരിക്കയോട് ഇറാനെ ആക്രമിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

റഷ്യയിലെ ഉപ വിദേശകാര്യ മന്ത്രി സെര്‍ജി റയാബ്‌കോവ് ഇറാന് നേരെയുള്ള ആക്രമണം പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുമെന്ന് പറഞ്ഞു. സെൻ്റ് പീറ്റര്‍സ്ബര്‍ഗില്‍ നടന്ന എക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇസ്രയേല്‍ ആക്രമണങ്ങള്‍ ആണവദുരന്തത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനും ഇസ്രയേലിനുമിടയിലെ സാഹചര്യം വഷളാണെന്ന് റഷ്യയുടെ എസ്‌വിആര്‍ വിദേശ ഇന്റലിജന്‍സ് സര്‍വീസ് മേധാവി സെര്‍ഗി നാരിഷ്‌കിനും പറഞ്ഞിരുന്നു. ഇറാന്റെ ആണവ സംവിധാനങ്ങള്‍ക്ക് മേലുള്ള ഇസ്രയേലിന്റെ ആക്രമണം സൂചിപ്പിക്കുന്നത് ലോകം ഒരു മഹാദുരന്തത്തില്‍ നിന്നും മില്ലിമീറ്റര്‍ അകലെമാത്രമാണെന്നായിരുന്നു വിദേശ മന്ത്രാലയം വക്താവ് മരിയ സഖറോവയുടെ പ്രതികരണം.

More Stories from this section

family-dental
witywide