
വാഷിങ്ടൺ: അമേരിക്കൻ ശതകോടീശ്വരൻ വാറൻ ബഫറ്റ് അറുപതാണ്ടിനുശേഷം ബെർക്‌ഷയർ ഹാത്തവേയുടെ സിഇഒ സ്ഥാനമൊഴിയുന്നു. ലോകത്തെ അഞ്ചാംനമ്പർ കോടീശ്വരനാണ് തൊണ്ണൂറ്റിനാലുകാരനായ ബഫറ്റ്.
ഇക്കൊല്ലം അവസാനത്തോടെ ഇതുണ്ടാകും. 2021-ൽ ബഫറ്റ് പിൻഗാമിയായി പ്രഖ്യാപിച്ച വൈസ് ചെയർമാനും കനേഡിയൻ വ്യവസായിയുമായ ഗ്രെഗ് ഏബലാകും (62) പുതിയ സിഇഒ.
ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് 16,900 കോടി ഡോളറാണ് (14.29 ലക്ഷംകോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. പരാജയത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന ടെക്‌സ്റ്റൈൽ കമ്പനിയായിരുന്ന ബെർക്‌ഷയറിനെ 60 വർഷംകൊണ്ട് 1.16 ലക്ഷംകോടിയിലേറെ ഡോളർ മൂല്യമുള്ള കമ്പനിയാക്കിമാറ്റി ബഫറ്റ്. 200 സംരംഭങ്ങൾ ഇന്ന് ബെർക്‌ഷയറിന്റെ കുടക്കീഴിലുണ്ട്. 1965-ൽ സുഹൃത്ത് ചാർലി മുംഗറിനൊപ്പമാണ് ബഫറ്റ് ബെർക്‌ഷയർ ഏറ്റെടുത്തത്. 1970-ൽ സിഇഒ സ്ഥാനത്തെത്തി. 2023 നവംബറിൽ മുംഗർ അന്തരിച്ചു.
ബഫറ്റും മുംഗറും ജനിച്ചുവളർന്ന യുഎസ് നഗരമായ ഓമഹയാണ് ബെർക്‌ഷയറിന്റെ ആസ്ഥാനം. ബിസിനസ് വിജയവും ജ്ഞാനവും ലളിതമായ ജീവിതശൈലിയും ബഫറ്റിന് ‘ഓറക്കിൾ ഓഫ് ഓമഹ’ എന്ന വിളിപ്പേര് നേടിക്കൊടുത്തു.
സാധാരണക്കാരുടെ വേഷത്തിൽ നടന്ന് സഹായത്തിന് അർഹരായവരെ കണ്ടെത്തി വേണ്ടത് ചെയ്യുക ബഫറ്റിന്റെ രീതിയായിരുന്നു. ഓമഹയിൽ 1958-ൽ 31,500 ഡോളറിന് വാങ്ങിയ ഇടത്തരം വീട്ടിലാണ് താമസം 2006 മുതൽ സമ്പത്തിന്റെ പകുതി ജീവകാരുണ്യപ്രവർത്തനത്തിന് നൽകുന്നു.
Warren Buffett steps down as CEO of Berkshire Hathaway after 60 years















