യു.എസ് സായുധ സേനയുടെ 250-ാം വാര്‍ഷികാഘോഷത്തിന് പാക് കരസേനാ മേധാവിയെ ക്ഷണിച്ചോ? വിശദീകരണവുമായി വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍ : യുഎസ് സായുധ സേനയുടെ 250-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാഷിംഗ്ടണില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക പരേഡില്‍ പാകിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ അസിം മുനീറിനെ അതിഥിയായി ക്ഷണിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി അമേരിക്ക. ഈ അവകാശവാദം തെറ്റാണെന്ന് അമേരിക്ക വ്യക്തമാക്കി.

പരിപാടിക്ക് വിദേശ സൈനിക നേതാക്കളെയൊന്നും ക്ഷണിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പറഞ്ഞു. ജനറല്‍ മുനീറിനെ യുഎസ് ക്ഷണിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് ഈ വിശദീകരണം.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാക്കിസ്ഥാന് തിരിച്ചടി നല്‍കുകയും നാലു ദിവസം സംഘര്‍ഷം നീണ്ടു നില്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇത് താന്‍ ഇടപെട്ടാണ് സാധ്യമാക്കിയതെന്ന് ട്രംപ് ആവര്‍ത്തിച്ചിരുന്നു. ഇതിനിടെയാണ് യുഎസ് സായുധ സേനയുടെ 250-ാം വാര്‍ഷികാഘോഷത്തിന് പാക് സൈനിക മേധാവിയെ ക്ഷണിച്ചെന്ന അഭ്യൂഹങ്ങള്‍ വന്നത്.

ഇന്ത്യക്ക് ഇത് തന്ത്രപരമായ തിരിച്ചടിയാണെന്ന് കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ‘യുഎസ് ആര്‍മി ദിനത്തോടനുബന്ധിച്ച് വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിനെ ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തന്ത്രപരമായ വീക്ഷണകോണില്‍ നിന്ന് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് ഈ വാര്‍ത്ത,’ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്സിലെ ഒരു പോസ്റ്റിലൂടെ പ്രതികരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് പ്രകോപനപരമായ ഭാഷ ഉപയോഗിച്ച അതേ വ്യക്തിയാണിതെന്നും അമേരിക്കയുടെ ഉദ്ദേശ്യം എന്താണ് എന്ന ചോദ്യം ഉയര്‍ന്നുവരുന്നുവെന്നും ജയറാം രമേശ് ചോദിച്ചു.

ജയറാം രമേശ് ‘തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും’ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് ‘അപവാദം ഉന്നയിക്കുകയും’ ചെയ്തുവെന്ന് കാട്ടി ബിജെപിയും വിവാദത്തോട് പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് വിശദീകരണവുമായി അമേരിക്ക എത്തിയത്.

More Stories from this section

family-dental
witywide