പെട്രോള്‍ ബോംബ് നിര്‍മ്മിക്കാന്‍ യൂട്യൂബ് നോക്കി, പേള്‍ സ്ട്രീറ്റ് മാളും ലക്ഷ്യമിട്ടു; ബൗള്‍ഡറിലെ അക്രമിക്കെതിരെ കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍

കൊളറാഡോ: കൊളറാഡോയിലെ ബൗള്‍ഡറില്‍ നടന്ന ഇസ്രായേല്‍ അനുകൂല റാലിയില്‍ പെട്രോള്‍ ബോംബെറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ അക്രമിയായ ഈജിപ്ഷ്യന്‍ പൗരനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

പിടിയിലായ 45 കാരനായ മുഹമ്മദ് സാബ്രി സോളിമാന്‍ ആക്രമണം നടത്താന്‍ ഒരു വര്‍ഷത്തോളമായി തയ്യാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു. ഇയാള്‍ക്ക് അമേരിക്കന്‍ പൗരത്വമില്ലാത്തതിനാല്‍ തോക്കുകള്‍ വാങ്ങാനായില്ല. ഇതിനാലാണ് തോക്കിന് പകരം പെട്രോള്‍ ബോംബ് ഉപയോഗിച്ചതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ തിങ്കളാഴ്ച പറഞ്ഞു.

എല്ലാ ഇസ്രയേല്‍ അനുകൂലികളെയും കൊല്ലാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ മകള്‍ ബിരുദം നേടുന്നതിനാല്‍ അതിനുശേഷമാകട്ടെ എന്നു കരുതി ആക്രമണം വൈകിപ്പിച്ചതായും ഇയാള്‍ അന്വേഷകരോട് പറഞ്ഞതായി സംസ്ഥാന, ഫെഡറല്‍ കോടതി രേഖകള്‍ വ്യക്തമാക്കുന്നു. കൊലപാതകശ്രമം, ആക്രമണം, ഫെഡറല്‍ വിദ്വേഷ കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കൊളറാഡോ സര്‍വകലാശാലയ്ക്കടുത്തുള്ള പേള്‍ സ്ട്രീറ്റ് മാളില്‍ ആക്രമണം നടത്താന്‍ സോളിമാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ബൗള്‍ഡര്‍ പൊലീസ് പറയുന്നു.

ആക്രമണത്തിന് ഇയാള്‍ ഒറ്റയ്ക്കായിരുന്നുവെന്നും മുഹമ്മദ് സാബ്രി സോളിമാന്‍ തോക്ക് പരിശീലനം നേടിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. യൂട്യൂബില്‍ നിന്ന് ഫയര്‍ ബോംബുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് മനസിലാക്കിയതായി ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ടൂറിസ്റ്റ് വിസയുടെ കാലാവധിയും വര്‍ക്ക് പെര്‍മിറ്റ് കാലാവധിയും കഴിഞ്ഞശേഷം സോളിമാന്‍ നിയമവിരുദ്ധമായി രാജ്യത്ത് തുടരുകയായിരുന്നുവെന്നും അധികാരികള്‍ വ്യക്തമാക്കി.

ഈജിപ്തില്‍ ജനിച്ച ഇയാള്‍ 17 വര്‍ഷമായി കുവൈത്തിലായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ബൗള്‍ഡറിന് ഏകദേശം 161 കിലോമീറ്റര്‍ തെക്കുള്ള കൊളറാഡോ സ്പ്രിംഗ്‌സിലേക്ക് താമസം മാറി. ഇയാള്‍ക്കൊപ്പം ഭാര്യയും അഞ്ച് കുട്ടികളും താമസിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

More Stories from this section

family-dental
witywide