
യുകെയിലെ ചെഷയറിലുള്ള ഫ്രഞ്ച് സ്റ്റൈൽ റെസ്റ്റോറന്റ് ലാ പോപോട്ട് (La Popote) ലെ ഒരു പുതിയ മെനു ലോകശ്രദ്ധ പിടിച്ചു പറ്റുന്നു. വാട്ടർ മെനു എന്ന ആശയമാണ് റസ്റ്റോറൻറ് തങ്ങളുടെ അതിഥികൾക്കായി നടപ്പിലാക്കിയിരിക്കുന്നത്. ബ്രിട്ടനിലെ പ്രശസ്ത വാട്ടർ സോമേലിയർ (ഭക്ഷണത്തിന് യോജിച്ച വെള്ളം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന വിദഗ്ദ്ധൻ) ആയ ഡോറൻ ബൈൻഡർ ആണ് ഈ ആശയം മുന്നോട്ട് കൊണ്ടുവന്നത്. യുകെയിലെ റെസ്റ്റോറന്റുകളിൽ ഭക്ഷണ മെനുവിനോടൊപ്പം കാണപ്പെടുന്ന വൈൻ ലിസ്റ്റിന് പകരം അവതരിപ്പിച്ച വാട്ടർ മെനു മദ്യം കഴിക്കാത്തവരെ ലക്ഷ്യം വെച്ചാണ് നടപ്പാക്കുന്നത്.
മെനുവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏഴ് തരത്തിലുള്ള പ്രീമിയം വെള്ളങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ, ഐസ്‌ലാൻഡ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവയാണ് ഇവ. വൈൻ ഗ്ലാസ്സിൽ റൂം ടെംപറേച്ചറിൽ ലെമൺ സ്ലൈസിനൊപ്പം യോജിച്ച വെള്ളമാണ് ചില ഭക്ഷണങ്ങളോടൊപ്പം വിളമ്പുന്നത്. ഏകദേശം 520 രൂപ (£5) മുതൽ ഏകദേശം 2000 രൂപ ( £19) വരെയാണ് വെള്ളങ്ങളുടെ വില. മെനുവിലെ ഏറ്റവും കുറഞ്ഞ വിലയുള്ള വെള്ളം 520 രൂപയുടെ ക്രാഗ് സ്പ്രിംഗ് വാട്ടർ (Crag Spring Water – £5) ആണ്. അതേസമയം ഏറ്റവും വിലയേറിയത് 2000 രൂപയുടെ പോർച്ചുഗലിലെ സ്പാർക്ലിംഗ് വെള്ളമായ പാലസ് ഓഫ് വിഡാഗോ (Palace of Vidago – £19) ആണ്.