വയനാട് ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ രാജിവെച്ചു

കല്‍പ്പറ്റ: വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു. സംഘടനയ്ക്ക് അകത്ത് നിന്ന് വിവിധ ആരോപണ ഉയര്‍ന്നതിന് പിന്നാലെയാണ് അപ്പച്ചൻ രാജിവെച്ചിരിക്കുന്നത്. വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് കെപിസിസി നേതൃത്വം എൻ ഡി അപ്പച്ചൻ്റെ രാജി ചോദിച്ച് വാങ്ങിയതെന്നാണ് സൂചന. രാജിക്ക് പിന്നാലെ കെ പി സി സി പറയുന്നതിന് അനുസരിച്ച് ചെയ്യുമെന്നും നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്നും എൻ ഡി അപ്പച്ചൻ പ്രതികരിച്ചു. രാജിക്കാര്യത്തിൽ പാർട്ടി വിശദീകരണം നൽകുമെന്നും കൂടുതൽ കാര്യങ്ങൾ പറയേണ്ടത് കെ പി സിസിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് ഡിസിസിയുടെ പകരം ചുമതല കല്‍പ്പറ്റ നഗരസഭാ അധ്യക്ഷൻ ടി ജെ ഐസക്കിനാണ് . ഐസക്ക് തന്നെ അടുത്ത ഡിസിസി അധ്യക്ഷനാകുമെന്നാണ് റിപ്പോർട്ടുകൾ. കെഎസ്‌യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ ഐസക്ക് വഹിച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് ഐസക്. ടി സിദ്ധീഖ് എംഎൽഎയുടെ പിന്തുണയും ഐസക്കിനുണ്ട്. അതേസമയം, ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് കെപിസിസി അംഗവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ ഇ വിനയന്‍റെ പേരും പരിഗണനയിലുണ്ട്.

More Stories from this section

family-dental
witywide