കാലിഫോർണിയയിലെ കാലാവസ്ഥ നിർണായകം; നാളെ ഉച്ച കഴിഞ്ഞ് മൂന്നിന് ശുഭാംശുവും സംഘവും എത്തും, 60 പരീക്ഷണങ്ങളും പൂർത്തിയാക്കി ആക്സിയം ടീം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) 18 ദിവസത്തെ വാസം പൂർത്തിയാക്കി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്ക്കായി ആകാംക്ഷയോടെയുള്ള കാത്തിരിപ്പ്. ദൗത്യ സംഘത്തിന്‍റെ ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങി. ശുഭാംശു അടങ്ങുന്ന ആക്‌സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ഡ്രാഗൺ ഗ്രേഡ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തു. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 4:45-നാണ് നിലയത്തിലെ ഹാർമണി മൊഡ്യൂളിൽ നിന്ന് ഗ്രേസ് പേടകം വേർപ്പെട്ടത്. ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ക്രൂവിലുള്ളത്. ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.

നിലയത്തിൽ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും കൃത്യമായി പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തിൽ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങൾ ഐഎസ്എസിൽ ശുഭാംശു ശുക്ലയുടെ മേൽനോട്ടത്തിൽ നടന്നു. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ ഭൂമിയിലേക്ക് മടക്കി കൊണ്ടുവരുന്നുണ്ട്. ഇരുപത്തിരണ്ടര മണിക്കൂറെടുക്കും ഡ്രാഗൺ ഗ്രേസ് പേടകം ഭൂമിയിലെത്താൻ.

നാളെ ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം മൂന്ന് മണിക്ക് പേടകം കാലിഫോർണിയക്കടുത്ത് ശാന്ത സമുദ്രത്തിൽ ഇറങ്ങുമെന്നാണ് നിലവിലെ അറിയിപ്പ്. എന്നാൽ സ്‌പ്ലാഷ്‌ഡൗൺ സമയം കാലിഫോർണിയയിലെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. ഭൂമിയിൽ തിരിച്ചെത്തിക്കഴി‍ഞ്ഞാൽ ഏഴ് ദിവസം നാല് ആക്സിയം 4 ദൗത്യ സംഘാംഗങ്ങളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. അതിന് ശേഷമേ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് വരികയുള്ളൂ. ആക്സിയം 4 ദൗത്യ സംഘം ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കാലിഫോർണിയക്കടുത്ത് കടലിൽ ഇറങ്ങിയാൽ സ്പേസ്എക്‌സിൻറെ റിക്കവറി കപ്പൽ അവരെ തീരത്തേക്ക് കൊണ്ടുപോകും. ഇതിന് ശേഷം ഒരാഴ്‌ചക്കാലം നാസയുടെ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെൻററിലാണ് ഇവരുടെ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷൻ തീരുമാനിച്ചിരിക്കുന്നത്. രണ്ടാഴ്‌ചത്തെ ദൗത്യം കഴിഞ്ഞ് ബഹിരാകാശത്ത് നിന്നെത്തുന്നതിനാൽ ഭൂമിയിലെ ഗുരുത്വബലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് യാത്രികർക്ക് ഈ വിശ്രമം.

More Stories from this section

family-dental
witywide