എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയൽ 468 ന് എന്ത് സംഭവിച്ചു? നീതിന്യായ വകുപ്പ് ‘മുക്കിയ’ ഇതിലുണ്ടായിരുന്നത് ട്രംപിൻ്റെ ചിത്രങ്ങളോ? ; ചോദ്യങ്ങളും ആരോപണങ്ങളുമായി ഡെമോക്രാറ്റുകൾ

വാഷിംഗ്ടൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അവരെ കടത്തുകയും ചെയ്തതതടക്കമുള്ള കേസുകളിലാണ് കോടീശ്വരനായ ജെഫ്രി എപ്‌സ്റ്റീൻ അറസ്റ്റിലായത്. ഇയാൾക്ക് പല ഉന്നതരുമായി ബന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ രേഖകളാണ് ഇന്നലെ അമേരിക്കൻ നീതിന്യായ വകുപ്പ് (DOJ) പുറത്തുവിട്ടത്.

എപ്‌സ്റ്റീനുമായി ബന്ധമുള്ളവരിൽ യുഎസ് പ്രസിഡൻ്റ് ട്രംപിൻ്റെ പേരും ചിത്രവും ഉയർന്നു വന്നിരുന്നു. അതിനാൽത്തന്നെ ഇന്നലെ പുറത്തുവന്ന രേകളിൽ ട്രംപിൻ്റെ പേരായിരുന്നു ഏറ്റവും കൂടുതൽ പേർ തിരഞ്ഞതും. എന്നാൽ ഇന്നലെ ട്രംപിനെ കുടുക്കുന്ന തരത്തിലുള്ള വിവരങ്ങളൊന്നും പുറത്തുവന്നില്ല. അതിനിടെ ഫയൽ 468 ചർച്ചയായി ഉയർന്നുവന്നു. ഇന്നലെ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലൊന്നാണ് ഫയൽ 468. ഇതിൽ ഡൊണാൾഡ് ട്രംപ്, മെലാനിയ ട്രംപ്, ജെഫ്രി എപ്‌സ്റ്റീൻ, ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ എന്നിവർ ഒന്നിച്ചുള്ള ഒരു ഫോട്ടോ അടങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ ഫയൽ നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തതിന് തൊട്ടുപിന്നാലെ അപ്രത്യക്ഷമായതായി ആരോപിച്ച് ഡെമോക്രാറ്റുകൾ രംഗത്തെത്തി. വെബ്‌സൈറ്റിലെ രേഖകൾ 467-ന് ശേഷം നേരിട്ട് 469-ലേക്കാണ് പോകുന്നത്, 468 കാണാനില്ലെന്ന് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഈ പേജിലുണ്ടായിരുന്നത് ട്രംപിൻ്റെ വിവരങ്ങളായതുകൊണ്ട് ഭരണകൂടം മനഃപൂർവം ട്രംപിന്റെ ഫോട്ടോ നീക്കം ചെയ്തുകൊണ്ട് വസ്തുതകൾ ഒളിച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചു. അറ്റോർണി ജനറൽ പാം ബോണ്ടി ഇതിന് മറുപടി നൽകണമെന്നാണ് അവരുടെ ആവശ്യം.

എന്നാൽ, ഫയൽ നീക്കം ചെയ്തത് സാങ്കേതിക തകരാർ മൂലമാണോ അതോ ബോധപൂർവം ഒഴിവാക്കിയതാണോ എന്ന കാര്യത്തിൽ നീതിന്യായ വകുപ്പ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഫയൽ 468 കൂടാതെ മറ്റ് 15-ഓളം ഫയലുകളും വെബ്‌സൈറ്റിൽ നിന്ന് കാണാതായതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, ട്രംപ് ഭരണകൂടം ചരിത്രത്തിലെ ഏറ്റവും സുതാര്യമായ ഭരണകൂടമാണെന്നും ഇരകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. കൂടുതൽ രേഖകൾ വരും ആഴ്ചകളിൽ പുറത്തുവിടുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചിട്ടുണ്ട്.

What happened to Epstein-related file 468? Did it contain pictures of Trump? Democrats with questions and allegations.

More Stories from this section

family-dental
witywide