
വാഷിംഗ്ടൺ: ട്രംപുമായി ഇടഞ്ഞതിന് പിന്നാലെ ശതകോടീശ്വരൻ ഇലോൺ മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഉദ്ഘാടന പരിപാടികൾക്കുള്ള ഒരുക്കത്തിലാണ് മസ്കെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്. തന്‍റെ പാർട്ടിയായ അമേരിക്ക പാർട്ടിയുടെ ഉദ്ഘാടന സമ്മേളനം എവിടെവെച്ച് നടത്തണമെന്ന അഭിപ്രായ സർവേ നടത്തുകയാണിപ്പോൾ മസ്ക്. അമേരിക്കൻ പാർട്ടിയുടെ ഉദ്ഘാടന സമ്മേളനം എവിടെ വേണം? എപ്പോഴായിരിക്കണം?’ എന്ന് മസ്ക് എക്സിൽ ചോദിച്ചു. ഇത് ഏറ്റവും രസകരമായ ഒന്നായിരിക്കുമെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കേണ്ടതിൻറെ ആവശ്യകത സംബന്ധിച്ച് അഭിപ്രായ സർവേ (poll) മസ്ക് കഴിഞ്ഞ ദിവസം എക്സിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ ഫലം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പാർട്ടി പ്രഖ്യാപനം. പുതിയൊരു രാഷ്ട്രീയ ബദൽ 2-1 എന്ന അനുപാതത്തിൽ പൊതുജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മസ്ക് കുറിപ്പിൽ വ്യക്തമാക്കി. ധൂർത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണസംവിധാനത്തിലാണ് ജീവിക്കുന്നതെന്നും ജനാധിപത്യത്തിലല്ലെന്നും മസ്ക് വിമർശിച്ചു.
പ്രസിഡന്റ് ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് ഇലോൺ മസ്ക് യുഎസ് രാഷ്ട്രീയത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ട്രംപിന്റെ ബിൽ സെനറ്റിൽ പാസാക്കിയാൽ, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി താൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളെ അടുത്ത തിരഞ്ഞെടുപ്പിൽ നിലം തൊടീക്കില്ലെന്നും മസ്ക് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.












