
ന്യൂഡല്‍ഹി: ആരും അറിയരുതെന്ന് ആഗ്രഹിക്കുന്ന എന്തോ ഒരു കാര്യം മറച്ചുവെക്കാന്‍ ചാറ്റ്ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐ തന്റെ മകനെ കൊന്നതാണെന്ന് എന്ന് വിസില്‍ബ്ലോവറും മുന്‍ ഓപ്പണ്‍എഐ ഗവേഷകയുമായ സുചിര്‍ ബാലാജിയുടെ അമ്മ പൂര്‍ണിമ റാവു. ഓപ്പണ്‍എഐക്കെതിരെ മകന്റെ പക്കല്‍ രേഖകളുണ്ടായിരുന്നുവെന്നും മരണ ശേഷം ചില രേഖകള്‍ കാണാനില്ലെന്നും ടെക് ഭീമനെതിരെയുള്ള തന്റെ പുതിയ വിമര്‍ശനത്തില്‍ പൂര്‍ണിമ ആഞ്ഞടിച്ചു.
അമേരിക്കന്‍ കമന്റേറ്റര്‍ ടക്കര്‍ കാള്‍സണിന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ വെളിപ്പെടുത്തലുള്ളത്. തന്റെ മകന്റെ മരണത്തെക്കുറിച്ചും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ലോകത്തിലെ നിഗൂഢതയെക്കുറിച്ചും പൂര്‍ണിമ ചൂണ്ടിക്കാട്ടി. എഐ-ഭീമനായ ഓപ്പണ്‍എഐക്കെതിരെ ശബ്ദമുയര്‍ത്തിത്തുടങ്ങിയതിനു പിന്നാലെ നവംബറില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ സുചിര്‍ ബാലാജിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം, ആത്മഹത്യയാണെന്ന് അധികാരികള്‍ നിഗമനത്തിലെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ മകന്‍ കൊല്ലപ്പെട്ടതാണെന്നും എഫ്ബിഐ അന്വേഷണം വേണമെന്നും അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, എക്‌സിലൂടെ സുചിര്‍ ബാലാജിയുടെ അമ്മ അഭിമുഖം ഇലോണ്‍ മസ്‌ക് പങ്കുവെച്ചു, ഇത് ‘അങ്ങേയറ്റം ആശങ്കാജനകമാണ്’ എന്നും അതിനൊപ്പം കുറിച്ചിട്ടുണ്ട്.