നിങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിയാത്ത വില, വമ്പൻ പ്രഖ്യാപനവുമായി ട്രംപ്; വന്ധ്യതാ ചികിത്സാ മരുന്നുകളുടെ വില കുത്തനെ കുറയ്ക്കും

വാഷിംഗ്ടൺ: ജർമ്മൻ കമ്പനിയായ മെർക്ക് കെഗാഎയുടെ യുഎസ് വിഭാഗമായ ഇഎംഡി സെറോണോ നിർമ്മിക്കുന്ന സാധാരണ വന്ധ്യതാ ചികിത്സാ മരുന്നുകൾ കുത്തനെ കുറച്ച വിലയിൽ വിൽക്കാൻ കരാറായതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് നേരിട്ട് മരുന്ന് വിൽക്കുന്നതിനായി വൈറ്റ് ഹൗസ് 2026 ജനുവരിയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ട്രംപ്ആർഎക്സ് (TrumpRx) എന്ന പ്ലാറ്റ്‌ഫോം വഴിയായിരിക്കും വിതരണം.

ഈ കരാർ പ്രകാരം, ഇൻ വിട്രോ ഫെർട്ടിലൈസേഷന് (IVF) ഉപയോഗിക്കുന്ന മൂന്ന് മരുന്നുകളുടെ രോഗികൾക്കുള്ള ചെലവ് 70 ശതമാനത്തിലധികം കുറച്ചേക്കും. നിലവിൽ ഒരു ഐവിഎഫ് ചികിത്സാ സൈക്കിളിന് ഏകദേശം 5,000 ഡോശർ (ഏകദേശം 4.16 ലക്ഷം രൂപ) ആണ് ഈ മരുന്നുകൾക്ക് സാധാരണയായി ചെലവ് വരുന്നതെന്ന് ട്രംപ് പറഞ്ഞു. ഗോണൽ-എഫ് (Gonal-F), ഓവിഡ്രൽ (Ovidrel), സെട്രോടൈഡ് (Cetrotide) എന്നീ ബ്രാൻഡ് നാമങ്ങളിൽ വിൽക്കുന്ന മരുന്നുകളാണ് കരാറിൽ ഉൾപ്പെട്ടിരിക്കുന്നത്.

“ഈ കരാറിന്റെ ഭാഗമായി, ഇഎംഡി സെറോണോ അവരുടെ വന്ധ്യതാ മരുന്നുകൾ TrumpRx.gov എന്ന വെബ്സൈറ്റിൽ വളരെ വളരെ കുറഞ്ഞ വിലയ്ക്ക് ലിസ്റ്റ് ചെയ്യും, നിങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിയാത്ത വിലകളായിരിക്കും അത്,” ലോകത്തിലെ ഏറ്റവും വലിയ വന്ധ്യതാ മരുന്ന് നിർമ്മാതാക്കളാണ് ഈ കമ്പനിയെന്ന് വിശേഷിപ്പിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.