
വാഷിംഗ്ടൺ: നിലവിലെ ഗവൺമെൻ്റ് ഷട്ട്ഡൗൺ പ്രതിരോധിച്ചു നിൽക്കാൻ ഒരുങ്ങുകയാണെന്ന് വൈറ്റ് ഹൗസ് ബഡ്ജറ്റ് ഓഫീസ് അറിയിച്ചു. ഒ.എം.ബി. ‘എക്‌സിൽ’ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ, ഡെമോക്രാറ്റുകളുടെ കടുംപിടിത്തത്തെ പ്രതിരോധിച്ചു നിൽക്കാൻ എല്ലാ ഒരുക്കങ്ങളും നടത്തുകയാണെന്ന് വ്യക്തമാക്കി.
“സൈനികർക്ക് ശമ്പളം നൽകുക, നിയമ നിർവ്വഹണ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുക, റിഫുകൾ (RIFs – പിരിച്ചുവിടൽ അറിയിപ്പുകൾ) തുടരുക, കാത്തിരിക്കുക,” എന്നായിരുന്നു ആ സന്ദേശം. ഗവൺമെൻ്റ് തുറക്കുന്നതിനായി റിപ്പബ്ലിക്കൻമാരുടെ താൽക്കാലിക ഫണ്ടിംഗ് നിർദ്ദേശത്തിൽ എട്ടാം തവണ വോട്ടെടുപ്പ് നടത്താൻ സെനറ്റ് ചേരാൻ ഒരുങ്ങുന്നതിന് ഇടയിലാണ് ഈ പോസ്റ്റ്.
ഷട്ട്ഡൗണിനിടയിൽ സർക്കാർ സംവിധാനത്തെ പുനഃക്രമീകരിക്കുന്നതിൻ്റെ ഭാഗമായി, ഏഴ് ഏജൻസികളിലെ ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് റിഡക്ഷൻ ഇൻ ഫോഴ്‌സ് (RIF) നോട്ടീസുകൾ അയച്ചതായി കഴിഞ്ഞയാഴ്ച ഒ.എം.ബി. ഡയറക്ടർ റസ്സൽ വോട്ട് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ ഏജൻസികൾ കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നതായി വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ച സർക്കാർ രേഖകളിൽ നിന്നും വ്യക്തമാണ്.
അതിനിടെ, സൈനികർക്ക് ശമ്പളം നൽകാൻ ഫണ്ട് കണ്ടെത്തിയതായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. എന്നാൽ, താൻ “ഒരുപാട് ആളുകളെ” പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധമുള്ളവരെ ലക്ഷ്യമിടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ട്. ഗവൺമെൻ്റ് തുറക്കുന്നതിനായി ഡെമോക്രാറ്റുകൾ തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്താൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഈ പ്രതിസന്ധി തുടരുന്നത്.