
വാഷിംഗ്ടൺ: ഫെഡറൽ ഫണ്ടിംഗിനെച്ചൊല്ലി കോൺഗ്രസിലെ ഡെമോക്രാറ്റുകളുമായുള്ള തർക്കം രൂക്ഷമായതോടെ, ട്രംപ് ഭരണകൂടം ശക്തമായ നിലപാടിലേക്ക്. സർക്കാർ ഷട്ട്ഡൗൺ (പ്രവർത്തനം സ്തംഭിക്കൽ) ഉണ്ടായാൽ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ ഫെഡറൽ ഏജൻസികൾക്ക് വൈറ്റ് ഹൗസ് ബഡ്ജറ്റ് ഓഫീസ് (OMB) നിർദ്ദേശം നൽകി. കഴിഞ്ഞ ഷട്ട്ഡൗൺ സാഹചര്യങ്ങളിൽ സർക്കാർ സ്വീകരിച്ചിരുന്ന രീതികളിൽ നിന്നും പൂർണ്ണമായി വ്യതിചലിക്കുന്ന നിർദ്ദേശങ്ങളാണ് ഓഫീസ് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ബഡ്ജറ്റ് (OMB) പുറത്തിറക്കിയ മെമ്മോയിലുള്ളത്.
നിയമപരമായി തുടരേണ്ട ആവശ്യമില്ലാത്ത പദ്ധതികളെയാണ് പിരിച്ചുവിടലിനായി ലക്ഷ്യമിടാൻ നിർദ്ദേശിച്ചിരിക്കുന്നത്.
സെപ്റ്റംബർ 30-നുള്ളിൽ കോൺഗ്രസ് ഫണ്ടിംഗ് അനുവദിക്കുന്നതിൽ പരാജയപ്പെടുകയും മറ്റ് ഫണ്ടിംഗ് ഉറവിടങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന പരിപാടികൾ തിരിച്ചറിയാൻ OMB ഏജൻസികൾക്ക് നിർദ്ദേശം നൽകി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻഗണനകളുമായി “ഒത്തുപോകാത്ത” ജോലികൾ സ്ഥിരമായി ഒഴിവാക്കുന്ന രീതിയിൽ വൻതോതിലുള്ള പിരിച്ചുവിടലുകൾക്കാണ് നിർദേശം.
“കോൺഗ്രസിലെ ഡെമോക്രാറ്റുകൾ ഷട്ട്ഡൗണിന് കാരണമാകില്ലെന്നും മുകളിൽ വിവരിച്ച നടപടികൾ അനിവാര്യമാകില്ലെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” OMB മെമ്മോയിൽ കുറിച്ചു.