
വാഷിംഗ്ടണ്‍ ഡിസി: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നല്‍കണമെന്ന് വൈറ്റ് ഹൗസ്. ലോകമെമ്പാടുമുള്ള നിരവധി സംഘര്‍ഷ മേഖലകളില്‍ ട്രംപ് ഇടപെട്ടിട്ടുണ്ടെന്നും അവിടങ്ങളിലൊക്കെ നിരവധി സമാധാന കരാറുകളും വെടിനിര്‍ത്തലുകളും നടത്തിയിട്ടുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അവകാശപ്പെട്ടു. പ്രതിമാസം ശരാശരി ഒന്ന് എന്ന കണക്കില്‍ സമാധാന കരാറുകള്‍ ട്രംപിന്റെ ഇടപെടലിലൂടെ ഉണ്ടായിട്ടുണ്ടെന്നാണ് ലീവിറ്റ് പറയുന്നത്.
തായ്ലന്‍ഡ്-കംബോഡിയ സംഘര്‍ഷത്തെക്കുറിച്ച് സംസാരിക്കവെയാണ് ലീവിറ്റ് ട്രംപ് നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് അവകാശപ്പെട്ടത്. തായ്ലന്‍ഡിനും കംബോഡിയയ്ക്കും ഇടയില്‍ അടിയന്തരവും നിരുപാധികവുമായ വെടിനിര്‍ത്തല്‍ നല്‍കാന്‍ പ്രസിഡന്റ് ട്രംപ് സഹായിച്ചു. ട്രംപ് ഇടപെടുമ്പോഴേക്കും ഇരു രാജ്യങ്ങളും 300,000-ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ച മാരകമായ ഒരു സംഘര്‍ഷത്തില്‍ എത്തിയിരുന്നുവെന്നും, കൂടുതലൊന്നും സംഭവിക്കാതിരുന്നതിന് ട്രംപാണ് കാരണക്കാരനെന്നുമാണ് ലിവീറ്റിന്റെ വാദം.