എഫ്ബിഐ ഡയറക്ടറെ പുറത്താക്കിയോ? കാഷ് പട്ടേലിനൊപ്പമുള്ള ട്രംപിൻ്റെ ചിത്രത്തിന് പറയാനുണ്ട് ഉത്തരം, വിശദീകരണവുമായി വൈറ്റ് ഹൗസും

വാഷിംഗ്ടണ്‍ : ഇന്ത്യന്‍ വംശജനായ എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെ പുറത്താക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് തള്ളി വൈറ്റ് ഹൗസ്. അത്തരത്തിലൊരു നീക്കവും നടക്കുന്നില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് ചൊവ്വാഴ്ച പറഞ്ഞു. വ്യാജ റിപ്പോര്‍ട്ടിനെ പ്രതിരോധിക്കാന്‍ ഓവല്‍ ഓഫീസില്‍ കാഷ് പട്ടേലിന്റെ അരികില്‍ ട്രംപ് പുഞ്ചിരിച്ചുനില്‍ക്കുന്ന ഫോട്ടോയും ലെവിറ്റ് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

കാഷ് പട്ടേലിനെ പുറത്താക്കിയെന്ന പൂര്‍ണ്ണമായും കെട്ടിച്ചമച്ച വാര്‍ത്ത വന്നപ്പോൾ താന്‍ ഓവല്‍ ഓഫീസിലുണ്ടായിരുന്നുവെന്നും അപ്പോൾ അവിടെ പ്രസിഡന്റ് ട്രംപ് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ ഉള്‍പ്പെടെയുള്ള തന്റെ നിയമ നിര്‍വ്വഹണ സംഘവുമായി സംസാരിക്കുകയായിരുന്നുവെന്നും ലീവിറ്റ് കൂട്ടിച്ചേര്‍ത്തു. പുറത്താക്കലിനെക്കുറിച്ചുള്ള തലക്കെട്ട് ഉറക്കെ വായിച്ച് ട്രംപ് ചിരിച്ചുവെന്നും അവര്‍ പറഞ്ഞു. കാഷ്, മികച്ചരീതിയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് പറഞ്ഞാണ് അവര്‍ പോസ്റ്റ് അവസാനിപ്പിച്ചത്.

നേരത്തെ, എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പട്ടേലിനെ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായി എംഎസ് നൗ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പട്ടേലിന്റെ നീക്കം ട്രംപ് വിലയിരുത്തുന്നുണ്ടെന്നും എഫ്ബിഐയിലെ ഉന്നത ഉദ്യോഗസ്ഥനായ ആന്‍ഡ്രൂ ബെയ്ലിയെ പകരക്കാരനായി പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

കാഷ് പട്ടേലിനെക്കുറിച്ചുള്ള സമീപകാല റിപ്പോര്‍ട്ടുകളില്‍ ട്രംപും അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹായികളും അതൃപ്തരാണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കാഷിനെ പുറത്താക്കുന്നുവെന്ന റിപ്പോര്‍ട്ടും വന്നത്.

White House dismisses reports of Kash Patel’s firing.

More Stories from this section

family-dental
witywide