ആവശ്യങ്ങൾ പരിഗണിച്ച് ലേശം കഞ്ചാവ് ആകാം! വമ്പൻ തീരുമാനമെടുക്കാൻ പ്രസിഡന്‍റ് ട്രംപ്, ഫെഡറൽ നിയന്ത്രണങ്ങൾ കുറച്ചേക്കും

വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകളിൽ കഞ്ചാവിനെ സംബന്ധിച്ച ഫെഡറൽ നിയന്ത്രണങ്ങൾ കുറയ്ക്കാനുള്ള നീക്കം പരിഗണിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. കഞ്ചാവിനെ കുറഞ്ഞ റിസ്കുള്ള ലഹരിവസ്തുവായി തരംതിരിക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും ട്രംപ് പറഞ്ഞു. ഇതുവഴി ഇപ്പോൾ സാധ്യമല്ലാത്ത പല ഗവേഷണങ്ങളും ആരംഭിക്കാമെന്നതാണ് ഈ നടപടിയുടെ സാധ്യത പരിശോധിക്കുന്നതിന്റെ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.

നിലവിൽ ഫെഡറൽ നിയമപ്രകാരം കഞ്ചാവിനെ ‘ഷെഡ്യൂൾ I’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹെറോയിൻ, എൽഎസ്ഡി തുടങ്ങിയ മയക്കുമരുന്നുകളുടെ കൂട്ടത്തിലാണിത്. ഷെഡ്യൂൾ I വിഭാഗത്തിലുള്ളവയ്ക്ക് ഗുരുതരമായ ദുരുപയോഗ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. കഞ്ചാവ് ഈ വിഭാഗത്തിൽ തുടരുന്നിടത്തോളം ഔഷധോപയോഗത്തിന് അനുമതി നൽകാനാവില്ല. അതുകൊണ്ടാണ് പുതിയ നീക്കം പരിഗണിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

യുഎസിലെ പല സംസ്ഥാനങ്ങളിലും ഔഷധ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാണ്. കഞ്ചാവിനെ ‘ഷെഡ്യൂൾ III’ വിഭാഗത്തിലേക്ക് മാറ്റാനാണ് ട്രംപിന്റെ പദ്ധതിയെന്ന് വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. മെഡിക്കൽ മൂല്യമുള്ളതും കുറഞ്ഞ ദുരുപയോഗ സാധ്യതയുള്ളതുമായ വസ്തുക്കളാണ് ഈ വിഭാഗത്തിൽ വരുന്നത്. കെറ്റാമിൻ, അനാബോളിക് സ്റ്റിറോയിഡുകൾ എന്നിവയും ഇതിൽ ഉൾപ്പെടും. എന്നാൽ, ഒരു പ്രസിഡന്‍റിന് ഏകപക്ഷീയമായി ഒരു ലഹരിവസ്തുവിന്റെ തരംതിരിവ് മാറ്റാനുള്ള അധികാരമില്ല. ഫെഡറൽ ഏജൻസികളോട് ഇക്കാര്യം നിർദേശിക്കുന്ന എക്സിക്യൂട്ടീവ് ഓർഡറിലാണ് ട്രംപ് ഒപ്പിടാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് പുനർവർഗീകരണ ശ്രമങ്ങൾ തുടങ്ങിയിരുന്നെങ്കിലും, 2025-ൽ ട്രംപ് അധികാരമേറ്റതോടെ അത് താൽക്കാലികമായി നിർത്തിവയ്ക്കപ്പെട്ടു. ഇപ്പോഴും യുഎസിൽ സംസ്ഥാനതലത്തിൽ കഞ്ചാവ് നിയമങ്ങൾ ഏകീകൃതമല്ല.

More Stories from this section

family-dental
witywide