
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരുമിച്ച് നടക്കുന്ന വീഡിയോ വൈറ്റ് ഹൗസ് പുറത്തുവിട്ടു. “Two GOATs” (Greatest of All Time – എക്കാലത്തെയും മികച്ച രണ്ട് പേർ) എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് നൽകിയ ആദരസൂചകമായ അത്താഴവിരുന്നിലാണ് റെണാൾഡോ പങ്കെടുത്തത്. യുഎസ്-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതിനായി നടന്ന ചടങ്ങിൽ റൊണാൾഡോയുടെ സാന്നിധ്യം വലിയ ആവേശമാണ് സൃഷ്ടിച്ചത്. വിരുന്നിന് മുന്നോടിയായി, പോർച്ചുഗീസ് താരത്തിന് ആതിഥ്യമരുളുന്നത് അഭിമാനകരമാണെന്ന് ട്രംപ് അതിഥികളോട് പറഞ്ഞു. സൗദി അറേബ്യയുടെ ആധുനികവൽക്കരണത്തിൽ റൊണാൾഡോ വഹിക്കുന്ന പങ്ക് വലുതാണെന്നും, തന്റെ മകൻ ബാരൺ ട്രംപ് റൊണാൾഡോയുടെ വലിയ ആരാധകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് ‘CR7 x 45/47’?
വൈറ്റ് ഹൗസ് പങ്കുവെച്ച 13 സെക്കൻഡ് വീഡിയോയ്ക്ക് നൽകിയ ‘CR7 x 45/47’ എന്ന അടിക്കുറിപ്പ് ഓൺലൈൻ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. കായികരംഗത്തെയും രാഷ്ട്രീയത്തിലെയും രണ്ട് വമ്പൻ ബ്രാൻഡുകളെ ഒന്നിപ്പിക്കുന്ന രീതിയിലാണ് ഈ പ്രയോഗം. CR7 റൊണാൾഡോയുടെ ജേഴ്സി നമ്പറും ഐക്കണിക് ബ്രാൻഡുമാണ്.
45/47 ഡോണൾഡ് ട്രംപ് അമേരിക്കയുടെ 45-ാമത്തെയും 47-ാമത്തെയും പ്രസിഡന്റാണെന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്റർനെറ്റ് യുഗത്തിന് യോജിച്ച രീതിയിൽ കായിക ഇതിഹാസത്തെയും രാഷ്ട്രീയ ബ്രാൻഡിംഗിനെയും ലയിപ്പിച്ചുകൊണ്ടുള്ള ഈ നീക്കം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.















