
വാഷിംഗ്ടൺ: ലോകപ്രശസ്തമായ സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷന് നൽകിവരുന്ന ഫണ്ട് തടയുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മ്യൂസിയങ്ങളിലെ പ്രദർശനങ്ങളിലും ഉള്ളടക്കത്തിലും ഭരണകൂടം നിർദ്ദേശിച്ച മാറ്റങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സാമ്പത്തിക സഹായം നിർത്തിവെക്കുമെന്നാണ് വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചത്. ഭരണകൂടം നടത്തുന്ന വിപുലമായ പുനഃപരിശോധനയുമായി സ്മിത്സോണിയൻ സഹകരിക്കുന്നില്ലെന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
കഴിഞ്ഞ വ്യാഴാഴ്ച സ്മിത്സോണിയൻ സെക്രട്ടറി ലോണി ബഞ്ച് മൂന്നാമന് അയച്ച കത്തിൽ, ഫണ്ടുകൾ അനുവദിക്കുന്നത് പ്രസിഡന്റ് ട്രംപിന്റെ മാർച്ച് മാസത്തിലെ എക്സിക്യൂട്ടീവ് ഉത്തരവിന് വിധേയമായിട്ടായിരിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. മ്യൂസിയങ്ങളിലെ പ്രദർശനങ്ങളിൽ നിന്ന് വിഭജനമുണ്ടാക്കുന്ന വിവരണങ്ങൾ, വംശീയ താല്പര്യമുള്ള ആശയങ്ങൾ എന്നിവ നീക്കം ചെയ്യുക. പകരം അമേരിക്കൻ മഹത്വത്തെ ആഘോഷിക്കുന്ന ഉള്ളടക്കങ്ങൾ ഉൾപ്പെടുത്തുക എന്നതാണ് പ്രധാന നിർദേശം.
സ്മിത്സോണിയന്റെ കീഴിലുള്ള 21 മ്യൂസിയങ്ങളും നാഷണൽ സൂവും ഭരണകൂടം നൽകിയ ‘റസ്റ്റോറിംഗ് ട്രൂത്ത് ആൻഡ് സാനിറ്റി ടു അമേരിക്കൻ ഹിസ്റ്ററി’ എന്ന ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെയാണ് ട്രംപ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മ്യൂസിയങ്ങളിലെ ഗാലറി ലേബലുകൾ, ഭാവി പ്രദർശന പദ്ധതികൾ, കലാസൃഷ്ടികൾ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ഇന്റേണൽ കമ്മ്യൂണിക്കേഷൻസ് തുടങ്ങിയവ ഹാജരാക്കാൻ ഓഗസ്റ്റിൽ വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെപ്റ്റംബറിൽ സ്മിത്സോണിയൻ നൽകിയ വിവരങ്ങൾ അപൂർണ്ണമാണെന്ന് ഭരണകൂടം ആരോപിക്കുന്നു. എല്ലാ വിവരങ്ങളും കൈമാറാൻ 2026 ജനുവരി 13 വരെയാണ് സമയം നൽകിയിരിക്കുന്നത്.













