
വാഷിംഗ്ടണ്‍: ഇസ്രയേലും ഇറാനും 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രായേല്‍-ഇറാന്‍ വെടിനിര്‍ത്തലിന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാണ് മധ്യസ്ഥത വഹിച്ചതെന്ന് വൈറ്റ് ഹൗസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിളിച്ച് ട്രംപിന്റെ സംഘം സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയാതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ പുതിയ ആക്രമണങ്ങള്‍ നടത്താതിരുന്നാല്‍ ഇസ്രായേല്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതായും കരാര്‍ പാലിക്കുമെന്ന് ഇറാന്‍ സൂചന നല്‍കിയതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരടങ്ങുന്ന സംഘമാണ് ഇറാനികളുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടതെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്താന് കനത്ത തിരിച്ചടി നല്‍കിയിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളുമായി നാലു ദിസവത്തോളം നീണ്ടു നിന്ന സംഘര്‍ഷം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ ധാരണയും വന്നിരുന്നു. ഇത് താനാണ് സാധ്യമാക്കിയതെന്ന് ട്രംപ് ഇപ്പോഴും അവകാശപ്പെടുന്നുണ്ട്. ഇന്ത്യ ആവര്‍ത്തിച്ച് നിരസിച്ചിട്ടും ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയില്‍ തനിക്കാണ് ക്രെഡിറ്റെന്ന് ട്രംപ് ആവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം താന്‍ ഇടപെട്ട് അവസാനിപ്പിച്ചു എന്ന് സമൂഹമാധ്യമത്തില്‍ കുറിച്ചതുപോലെ ഇന്ത്യ- പാക് സംഘര്‍ഷം അവസാനിക്കുന്നതിനു മറിക്കൂറുകള്‍ക്കു മുമ്പു തന്നെ ഇക്കാര്യം ട്രംപ് സമൂഹമാധ്യത്തില്‍ കുറിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ സമ്മതിച്ച കാര്യം പുറത്തുവിട്ടത്.













