
വാഷിംഗ്ടൺ: അടുത്ത വർഷം അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസ് ഒരു അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് (യുഎഫ്‌സി) മത്സരം നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച അയോവയിൽ നടന്ന റാലിയിൽ പ്രഖ്യാപിച്ചു. “നമ്മുടെ എല്ലാ ദേശീയോദ്യാനങ്ങളിലും യുദ്ധക്കളങ്ങളിലും ചരിത്രപരമായ സ്ഥലങ്ങളിലും ‘അമേരിക്ക250’ ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികൾ ഉണ്ടാകും, ഒരു യുഎഫ്‌സി മത്സരം പോലും നടത്താൻ ഞങ്ങൾ ആലോചിക്കുന്നുണ്ട്,” എന്ന് ജൂലൈ നാലിന്റെ അവധിക്ക് തലേന്ന് ട്രംപ് പറഞ്ഞു.
ഈ പരിപാടിക്ക് 20,000-25,000 കാണികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇതൊരു ചാമ്പ്യൻഷിപ്പ് പോരാട്ടമായിരിക്കും, പൂർണ്ണമായ മത്സരം, ഏകദേശം 20,000 മുതൽ 25,000 വരെ ആളുകൾ പങ്കെടുക്കും, അതും ‘ അമേരിക്ക 250’ ന്‍റെ ഭാഗമായി ഞങ്ങൾ നടത്തും,” അദ്ദേഹം വ്യക്തമാക്കി. യുഎഫ്‌സി പ്രസിഡന്‍റ് ഡാന വൈറ്റിന്‍റെ അടുത്ത സുഹൃത്താണ് ട്രംപ്. 2001 മുതലാണ് ട്രംപും യുഎഫ്‌സിയുമായുള്ള ബന്ധം ആരംഭിക്കുന്നത്. അന്ന് ഇപ്പോൾ അടച്ചുപൂട്ടിയ ട്രംപ് താജ്മഹൽ ആയിരുന്നു യുഎഫ്‌സി മത്സരങ്ങൾക്ക് വേദിയായിരുന്നത്.
നേരത്തെ, 2016ലെ ട്രംപിന്‍റെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഡാന വൈറ്റ് അദ്ദേഹത്തെ പിന്തുണയ്ക്കുകയും പോരാളി എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ട്രംപിന് നേരെ വധശ്രമം നടന്നതിന് ശേഷം അദ്ദേഹത്തെ എക്കാലത്തെയും യഥാർത്ഥ, അൾട്ടിമേറ്റ്, അമേരിക്കൻ ബാഡാസ് എന്നും വൈറ്റ് വിശേഷിപ്പിച്ചു.
യുഎഫ്‌സി മത്സരത്തിനുള്ള പദ്ധതികളെക്കുറിച്ച് ട്രംപ് തീർത്തും ഗൗരവത്തിലാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വൈറ്റ് ഹൗസ് പൂൾ റിപ്പോർട്ടിൽ പറഞ്ഞു. ലീവിറ്റ് എക്സിലും ഈ പദ്ധതികൾ സ്ഥിരീകരിച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു. ഇതൊരു ഇതിഹാസമായിരിക്കുമെന്നും അവര്‍ പറഞ്ഞു.













