വാഷിംഗ്ടൺ: അമേരിക്കയിലെ അതിയാഥാസ്ഥിതിക പ്രസ്ഥാനത്തിൻ്റെ നേതാവും ട്രംപിൻ്റെ അടുത്ത അനുയായിയും ആയിരുന്ന ചാർളി കിർക്കിൻ്റെ കൊലപാതകം പുതിയ ദുരൂഹതകളിലേക്ക് നീങ്ങുന്നു. കിർക്കിനെ വെടിവച്ചുകൊന്ന ടെയ്‌ലർ റോബിൻസൺ എന്ന ചെറുപ്പക്കാരൻ്റെ മുൻ ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഹൈസ്കൂൾ പഠനകാലത്ത് കടുത്ത ട്രംപ് അനുകൂലിയായിരുന്ന റോബിൻസൺ എങ്ങനെയാണ് ട്രംപ് വിരോധിയും കൊലപാതകിയുമായി മാറിയതെന്ന ചോദ്യമാണ് ഉയരുന്നത്. റോബിൻസനെ അടുത്തറിയാവുന്ന ആളുകൾക്ക്, പോലീസ് ആരോപിക്കുന്ന കൊലയാളിയുടെ ചിത്രവുമായി അയാളെ ബന്ധപ്പെടുത്താൻ കഴിയുന്നില്ല.
സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച്, റോബിൻസൺ ഹൈസ്കൂൾ പഠനകാലത്ത് രാഷ്ട്രീയമായി യാഥാസ്ഥിതികനും 2020 തിരഞ്ഞെടുപ്പിന് മുൻപ് ട്രംപിനെ പിന്തുണച്ചിരുന്ന ആളുമായിരുന്നു. “എന്താണ് അവന് സംഭവിച്ചതെന്ന് എനിക്കറിയില്ല,” ഒരു മുൻ സഹപാഠി പറയുന്നു. റോബിൻസൺ ഗെയിമിംഗിൽ അതീവ തൽപരനായിരുന്നുവെന്നും വീഡിയോ ഗെയിം ഡിസൈനിംഗ് ഇഷ്ടപ്പെട്ടിരുന്നുവെന്നും അയാൾ കൂട്ടിച്ചേർത്തു.
മറ്റൊരു മുൻ സഹപ്രവർത്തകൻ്റെ വാക്കുകൾ റോബിൻസൻ്റെ അന്തർമുഖ സ്വഭാവം അടിവരയിടുന്നു. “അങ്ങോട്ട് സംസാരിച്ചാലല്ലാതെ ഇങ്ങോട്ട് സംസാരിക്കാത്ത, എപ്പോഴും നിശബ്ദനായിരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു റോബിൻസൺ,” അദ്ദേഹം പറഞ്ഞു. എന്നാൽ, ആരെങ്കിലും രാഷ്ട്രീയ വിഷയം എടുത്തുകഴിഞ്ഞാൽ റോബിൻസൺ സംസാരിക്കുമായിരുന്നുവെങ്കിലും ട്രംപിനോടോ കിർക്കിനോടോ വലിയ താൽപര്യമില്ലായിരുന്നുവെന്നും ഇലക്ട്രീഷ്യനായ ഈ വ്യക്തി കൂട്ടിച്ചേർത്തു.
അയൽവാസികളും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. റോബിൻസൻ വളരെ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനായിരുന്നുവെന്നും രാഷ്ട്രീയപരമായ ശക്തമായ കാഴ്ചപ്പാടുകളുള്ളതായി തോന്നിയിട്ടില്ലെന്നും അവർ പറയുന്നു.
33 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ടെയ്‌ലർ റോബിൻസണെ പോലീസ് പിടികൂടിയത്. എഫ്ബിഐ പുറത്തുവിട്ട ചിത്രങ്ങളിൽ നിന്ന് റോബിൻസനെ തിരിച്ചറിഞ്ഞത് പിതാവാണ്. റോബിൻസൺ സെന്റ് ജോർജിലെ പൈൻ വ്യൂ ഹൈസ്കൂളിൽ നിന്നും 2021-ൽ ബിരുദം നേടിയതായും പിന്നീട് യൂട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠിച്ചതായും കോളേജ് അധികൃതർ സ്ഥിരീകരിച്ചു. നിലവിൽ ഇലക്ട്രിക്കൽ അപ്രൻ്റീസ്ഷിപ്പ് പ്രോഗ്രാമിൽ മൂന്നാം വർഷ വിദ്യാർത്ഥിയാണ്.
കൊലപാതകത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയ റൈഫിളിലെ ബുള്ളറ്റ് കെയ്‌സുകളിൽ ഫാസിസ്റ്റ് വിരുദ്ധ സന്ദേശങ്ങൾ കൊത്തിവെച്ചതായി അധികൃതർ പറയുന്നു. ഇത് രാഷ്ട്രീയപ്രേരിത കൊലപാതകത്തിൻ്റെ തെളിവാണെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
ഹൈസ്കൂൾ പഠനകാലത്ത് കടുത്ത ട്രംപ് അനുകൂലി, രാഷ്ട്രീയമായി യാഥാസ്ഥിതികൻ; ചാർളി കിർക്കിൻ്റെ കൊലയാളിയുടെ മുൻ ജീവിതം
September 13, 2025 5:47 PM














