
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിനെ ടണ്ടന്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള കാരണം ഇന്ത്യന്‍ ദമ്പതികളായ ചന്ദ്രിക കൃഷ്ണമൂര്‍ത്തി ടണ്ടനും രഞ്ജന്‍ ടണ്ടനുമാണ്. ഇവര്‍ കോളേജിനു നല്‍കിയ 100 മില്യണ്‍ ഡോളര്‍ സ്വീകരിച്ച അധികൃതര്‍ ഇവരുടെ പേര്‍ തങ്ങളുടെ സ്ഥാപനത്തിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഒരു യുഎസ് എഞ്ചിനീയറിംഗ് സ്‌കൂളിന് ലഭിച്ച ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നായിരുന്നു ടണ്ടന്‍ ദമ്പതികള്‍ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിക്ക് നല്‍കിയത്. സാങ്കേതികവിദ്യ, നവീകരണം, വിദ്യാഭ്യാസം എന്നിവ വികസിപ്പിക്കുന്നതിനുള്ള ദമ്പതികളുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരം കൂടിയാണിത്.
യൂണിവേഴ്‌സിറ്റിയിലെ ഗവേഷണത്തിന് ധനസഹായം നല്‍കിക്കൊണ്ടും, ഉന്നതതല ഫാക്കല്‍റ്റികളെ ആകര്‍ഷിക്കുന്നതിലൂടെയും, വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍ ഒരുക്കുകയുമായിരുന്നു ടണ്ടന്റെ സംഭാവനയുടെ ലക്ഷ്യം. ഈ സമ്മാനം ദമ്പതികളുടെ ഉദാരമനസ്‌കതയെ മാത്രമല്ല, അടുത്ത തലമുറയേയും ശാക്തീകരിക്കുമെന്നാണ് സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ പറയുന്നത്.
മക്കിന്‍സി & കമ്പനി മുന്‍ പങ്കാളിയും ടണ്ടന്‍ ക്യാപിറ്റല്‍ അസോസിയേറ്റ്സിന്റെ സ്ഥാപകയുമായ ചന്ദ്രിക ടണ്ടന്‍, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുകയും ടണ്ടന്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിന്റെയും യൂണിവേഴ്സിറ്റിയുടെ ഗ്ലോബല്‍ കൗണ്‍സിലിന്റെയും അധ്യക്ഷയുമാണ്.
ഇവ കൂടാതെ, കൃഷ്ണമൂര്‍ത്തി ടണ്ടന്‍ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പദ്ധതികള്‍ക്കും ഇവര്‍ നേതൃത്വം നല്‍കുന്നു. ചന്ദ്രിക ടണ്ടന്‍ മികച്ച ഒരു സംഗീതജ്ഞ കൂടിയാണ്. 2025-ല്‍ തന്റെ ആല്‍ബമായ ത്രിവേണിക്ക് ഗ്രാമി പുരസ്‌കാരവും ഇവര്‍ സ്വന്തമാക്കിയിരുന്നു. പെപ്സികോയുടെ മുന്‍ സിഇഒ ഇന്ദ്ര നൂയിയ ഇവരുടെ സഹോദരിയാണ്.
ഐഐടി കാണ്‍പൂരിലെയും ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായ രഞ്ജന്‍ ടണ്ടന്‍, അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി ലോകമെമ്പാടുമുള്ള സര്‍വകലാശാലകള്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കുന്നു. ലിബ്ര അഡൈ്വസേഴ്സിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഇദ്ദേഹം.