
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഉന്നതര്‍ക്ക് കാഴ്ചവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്ത ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെതിരായ ശക്തമായ പെണ്‍ ശബ്ദമായിരുന്നു വെര്‍ജീനിയ ജിഫ്രെ, എപ്സ്റ്റീന്റെ ഇരകളിലൊരാള്‍. താന്‍ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ചുള്ള തുറന്നെഴുത്തുകളുള്ള ഇവരുടെ ‘നോബഡീസ് ഗേള്‍: എ മെമ്മോറിയല്‍ ഓഫ് സര്‍വൈവിങ് അബ്യൂസ് ആന്‍ഡ് ഫൈറ്റിങ് ഫോര്‍ ജസ്റ്റിസ്’ എന്ന ഓര്‍മക്കുറിപ്പ് പുസ്തകത്തിലുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.
ഒക്ടോബര്‍ 21 ന് പുറത്തിറങ്ങുന്ന പുസ്തകത്തില്‍ എപ്സ്റ്റീന്റെയും അദ്ദേഹത്തിന്റെ സഹായി ഗിലേന്‍ മാക്‌സ്വെല്ലിന്റെയും ശിക്ഷയില്‍ നിര്‍ണായക പങ്ക് വഹിച്ച വെര്‍ജീനിയ ജിഫ്രെയുടെ വേദനാജനകമായ അനുഭവങ്ങളാണുള്ളത്. ഈ വര്‍ഷം ആദ്യം ജിഫ്രെ ആത്മഹത്യ ചെയ്തതിനാല്‍ മരണാനന്തരം പുറത്തുവരുന്ന പുസ്തകം വലിയ വിവാദ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
ആന്‍ഡ്രൂ രാജകുമാരന്‍ ക്രൂരമായി പീഡിപ്പിച്ചു
ജിഫ്രെയുടെ പുസ്തകത്തില്‍ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരനെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. മുമ്പും ഇക്കാര്യങ്ങള്‍ അവര്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും പുസ്തകത്തിലെ തുറന്നെഴുത്ത് കുറച്ചുകൂടി ആഴത്തിലാണ്. താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ജന്മാവകാശമാണെന്ന മട്ടിലായിരുന്നു ആന്‍ഡ്രൂ രാജകുമാരന്റെ പെരുമാറ്റമെന്ന്ജിഫ്രെ കുറിച്ചു. 17 വയസ്സുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പെരുമാറ്റം. 18 വയസ്സിന് മുന്‍പ് മൂന്നുതവണ ആന്‍ഡ്രൂവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും പുസ്തകത്തിലുണ്ട്. ചാള്‍സ് മൂന്നാമന്‍ രാജകുമാരന്റെ ഇളയ സഹോദരനാണ് ആന്‍ഡ്രൂ. അന്തരിച്ച എലിസബത്ത്2 രാജകുമാരിയുടെ ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നു ഇദ്ദേഹം. ആന്‍ഡ്രൂ രാജകുമാരനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ലണ്ടനിലെ മെട്രോപൊളിറ്റന്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
ആ പ്രശസ്ത പ്രധാന മന്ത്രിയുടെ പീഡനം അതിക്രൂരം,
ചോര വാര്‍ന്ന് ദിവസങ്ങള്‍ തള്ളിനീക്കി
തന്നെ ഒരു ‘പ്രശസ്ത പ്രധാനമന്ത്രി’ ക്രൂരമായി മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് ജിഫ്രെ ആരോപിക്കുന്നു. 2002ല്‍, 18 വയസ്സുള്ളപ്പോള്‍, യുഎസ് വിര്‍ജിന്‍ ദ്വീപുകളിലെ എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപില്‍ വെച്ചാണ് താന്‍ ആദ്യമായി ആ പ്രധാനമന്ത്രിയെ കണ്ടുമുട്ടിയതെന്നും അവര്‍ രണ്ടുപേരും തനിച്ചായ ഉടന്‍, തന്നെ ക്രൂരമായി പീഡിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും വെളിപ്പെടുത്തി. പിന്നീട് തന്റെ ബോധം പോകുന്നതുവരെ പീഡിപ്പിച്ചെന്നും ജിഫ്രെ വെളിപ്പെടുത്തുന്നു.
”ഞാന്‍ എന്റെ ജീവനുവേണ്ടി കരയുമ്പോള്‍ അദ്ദേഹം അത്കണ്ട് സന്തോഷിച്ചു. എന്നെ വേദനിപ്പിച്ചപ്പോള്‍ അയാള്‍ ചിരിച്ചു, നിര്‍ത്താന്‍ ഞാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചപ്പോള്‍ കൂടുതല്‍ ഉത്തേജിതനായി പീഡനം തുടര്‍ന്നു. എന്റെ വായില്‍ നിന്നും സ്വകാര്യഭാഗങ്ങളില്‍ നിന്നും രക്തം വരുന്ന രീതിയില്‍ അയാള്‍ പീഡിപ്പിച്ചു. ദിവസങ്ങളോളം, ശ്വസിക്കാനും ഭക്ഷണം കഴിക്കാനുമാകാതെ ഞാന്‍ വേദനിച്ചു” ജിഫ്രെ എഴുതി. ഇനിയൊരിക്കലും അയാള്‍ക്കരുകിലേക്ക് തന്നെ അയയ്ക്കരുതെന്ന് എപ്സ്റ്റീനോട് അപേക്ഷിച്ചുവെന്നും എപ്സ്റ്റീന്‍ ആ മനുഷ്യനെ ഭയപ്പെട്ടിരുന്നോ അതോ അയാള്‍ക്ക് എന്തെങ്കിലും സഹായം നല്‍കിയിരുന്നോ എന്ന് തനിക്കറിയില്ലെന്നും ജിഫ്രെ പറയുന്നു.
ആരായിരുന്നു വെര്‍ജീനിയ ജിഫ്രെ?
1983 ഓഗസ്റ്റ് 9 ന് കാലിഫോര്‍ണിയയിലെ സാക്രമെന്റോയിലാണ് ജിഫ്രെ ജനിച്ചത്. അവര്‍ കുട്ടിയായിരുന്നപ്പോള്‍ കുടുംബം ഫ്‌ളോറിഡയിലെ പാം ബീച്ച് കൗണ്ടിയിലെ ലോക്‌സഹാച്ചിയിലേക്ക് താമസം മാറി, അവിടെ അവരുടെ പിതാവ് മാര്‍-എ-ലാഗോയില്‍ മെയിന്റനന്‍സ് മാനേജരായി. പിന്നീട് കൗമാരപ്രായത്തില്‍ ഇന്നത്തെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ ലോക്കര്‍ റൂം അറ്റന്‍ഡന്റായി ജോലി ലഭിച്ചു.
ലൈംഗിക പീഡനത്തിലൂടെയാണ് ജിഫ്രെയുടെ കുട്ടിക്കാലം കടന്നുപോയത്. എന്‍ബിസി, ദി കട്ട്, മയാമി ഹെറാള്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി മാധ്യമങ്ങളോട് അവര്‍ ഇക്കാര്യങ്ങള്‍ തുറന്നപറഞ്ഞിട്ടുണ്ട്.
2000-ല്‍, ട്രംപിന്റെ സ്വകാര്യ മാര്‍-എ-ലാഗോ ക്ലബ്ബില്‍ സ്പാ അറ്റന്‍ഡന്റായി ജോലി ചെയ്യുന്നതിനിടയില്‍, എപ്സ്റ്റീന്റെ പെണ്‍സുഹൃത്ത് മാക്‌സ്വെല്‍, ജിഫ്രെയെ സമീപിക്കുകയും എപ്സ്റ്റീന്റെ സ്ഥാപനത്തില്‍ മസാജ് ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഒരു പ്രൊഫഷണല്‍ മസാജ് തെറാപ്പിസ്റ്റായി പരിശീലനം നേടുന്നു എന്ന വ്യാജേന അവര്‍ ഇരുവര്‍ക്കുംവേണ്ടി ജോലി ചെയ്യാന്‍ തുടങ്ങി.
എപ്സ്റ്റീന്റെ പീഡനങ്ങളെ ഏറ്റവും തുറന്നു പറഞ്ഞവരില്‍ ഒരാളായിരുന്നു ജിഫ്രെ. എപ്സ്റ്റീനും മാക്‌സ്വെല്ലിനുമെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുന്നതിലേക്ക് നയിച്ച അന്വേഷണങ്ങളില്‍ ജിഫ്രെ നിര്‍ണായക പങ്ക് വഹിച്ചു.
2019ല്‍ ലൈംഗിക കുറ്റം ചുമത്തി എപ്സ്റ്റീനെതിരെ കേസെടുത്തെങ്കിലും വിചാരണയ്ക്ക് എത്തുന്നതിന് മുമ്പ് ഫെഡറല്‍ കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തു. കേസില്‍ 2022-ല്‍ മാക്‌സ്വെല്ലിന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
Who is Virginia Giuffre, who revealed that she was brutally abused? What is her relationship with Epstein, and what is in the book ‘Nobody’s Girl’?.













