നാടുകടത്തൽ വിമാനം പഞ്ചാബിൽ മാത്രം ഇറങ്ങുന്നത് എന്തുകൊണ്ട് ? പിന്നിൽ കേന്ദ്രത്തിന്റെ ഗൂഢലക്ഷ്യങ്ങളാണെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരായ കൂടുതല്‍ ഇന്ത്യക്കാരെ വഹിച്ചുള്ള രണ്ട് വിമാനങ്ങള്‍ ശനി ഞായര്‍ ദിവസങ്ങളിലായി ഇന്ത്യയില്‍ എത്താനിരിക്കെ പുതിയ വിവാദത്തിന് തുടക്കമായി. നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ എത്തിക്കാന്‍ അമൃത്‌സര്‍ വിമാനത്താവളം മാത്രം തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാരെ വഹിച്ച് ഫെബ്രുവരി അഞ്ചിന് ഇന്ത്യയിലെത്തിയ വിമാനം ഇറങ്ങിയതും അമൃത്‌സറിലാണ്. ഫെബ്രുവരി 15, 16 തീയതികളിൽ എത്താനിരിക്കുന്ന വിമാനങ്ങളും അമൃത്‌സറിലാണ് ഇറങ്ങുക. മറ്റ് സംസ്ഥാനങ്ങള്‍ക്ക് പകരം പഞ്ചാബിനെ തന്നെ ഇതിനായി തിരഞ്ഞെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ താത്പര്യത്തിലാണ് പ്രതിപക്ഷം സംശയം.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ അമൃത്‌സറിലെത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണുമെന്നാണ് വിവരം. ശനിയാഴ്ച എത്തുന്ന പഞ്ചാബ് സ്വദേശികളെ മുഖ്യമന്ത്രി നേരിട്ട് സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പഞ്ചാബിനെ അപമാനിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം പഞ്ചാബിനെ തന്നെ തിരഞ്ഞെടുക്കുന്നതെന്ന് പഞ്ചാബ് ധനകാര്യമന്ത്രി ഹര്‍പാല്‍ സിങ് ചീമ ആരോപിച്ചു. എന്തുകൊണ്ടാണ് ഈ വിമാനങ്ങള്‍ ഹരിയാനയിലോ ഗുജറാത്തിലോ ഇറങ്ങാത്തതെന്നും പഞ്ചാബിനെ കേന്ദ്രം ലക്ഷ്യമിടുകയാണെന്നത് ഇതില്‍ നിന്ന് വ്യക്തമാണെന്നും ഈ വിമാനങ്ങള്‍ അഹമ്മദാബാദില്‍ ഇറക്കണമെന്നും ഹര്‍പാല്‍ സിങ് ചീമ പറഞ്ഞു.

കോണ്‍ഗ്രസ് എം.എല്‍.എ ആയ പര്‍ഗട്ട് സിങും സമാനമായ ആശങ്കയാണ് ഉയര്‍ത്തുന്നത്. നാടുകടത്തപ്പെട്ടവരില്‍ പഞ്ചാബില്‍ നിന്നുള്ളവരും ഉണ്ടെന്നുള്ളത് ശരിയാണ്. പക്ഷെ എന്തുകൊണ്ടാണ് ഈ വിമാനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇറങ്ങാത്തതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ യുവാക്കളെ വിലങ്ങണിയിച്ച് നാടുകടത്തുന്നത് എന്തിനാണെന്ന് യുഎസിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് ഭരണകൂടത്തോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പഞ്ചാബ് ബിജെപി അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അനാവശ്യമായ വിവാദമാണിതെന്ന് ജാഖര്‍ പറഞ്ഞു.

Why are deportation flights landing only in Punjab Opposition questions Centre move

More Stories from this section

family-dental
witywide