
വാഷിങ്ടന്‍ : ഇസ്രയേലിനൊപ്പം ഇറാനില്‍ ആക്രമണങ്ങള്‍ക്കു പങ്കാളിയായതിനു പിന്നാലെ ഇറാനില്‍ ഭരണമാറ്റം ഉണ്ടാകുന്നതിനെ അനുകൂലിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനു നേരെയുള്ള യുഎസ് ആക്രമണം ഭരണമാറ്റം ലക്ഷ്യമിട്ടുള്ളതല്ലെന്ന് നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാനില്‍ ഭരണമാറ്റമാണ് ഉദ്ദേശിക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും നേരത്തേ സൂചിപ്പിച്ചിരുന്നു.
‘ഭരണമാറ്റം എന്ന പദപ്രയോഗം ശരിയല്ല. എന്നാല്‍ നിലവിലെ ഭരണകൂടത്തിന് ഇറാനെ വീണ്ടും മഹത്തരമാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്ത് കൊണ്ട് ഭരണമാറ്റം ഉണ്ടായിക്കൂടാ?’ ട്രംപ് കുറിച്ചു.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ നടന്ന അമേരിക്കയുടെ ആക്രമണം ഇറാന്‍ ആണവോര്‍ജ സമിതി സ്ഥിരീകരിച്ചിരുന്നു. ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ എന്നീ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയതെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാന്‍ ആണവോര്‍ജ സമിതി വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാനിയന്‍ ആണവോര്‍ജ്ജ കേന്ദ്രങ്ങളില്‍ നിന്ന് റേഡിയേഷന്‍ ചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്കയും ശക്തമാണ്.