
ന്യൂയോര്‍ക്ക് : പലസ്തീനു രാഷ്ട്രപദവി നല്‍കുന്നതിനെ വീണ്ടും വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത്തരത്തിലുള്ള നീക്കം ഹമാസിന്റെ ഭീകരതയ്ക്കുള്ള സമ്മാനമായിരിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളെ വിമര്‍ശിച്ച ട്രംപ്, ചില രാജ്യങ്ങള്‍ ഏകപക്ഷീയമായി പലസ്തീന്‍ രാഷ്ട്ര പ്രഖ്യാപനങ്ങള്‍ നടത്തുകയാണെന്നും ചൂണ്ടിക്കാട്ടി. യുഎന്‍ പൊതുസഭയുടെ 80ാം വാര്‍ഷിക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഗാസയില്‍ യുദ്ധം ഉടന്‍ നിര്‍ത്തണം. അതിനായി ഒത്തുതീര്‍പ്പുണ്ടാക്കണം. ബന്ദികളെ ഉടന്‍ മോചിപ്പിക്കണം ഇതൊക്കെയാണ് നടപ്പിലാകേണ്ടതെന്നും ട്രംപ് പറഞ്ഞു.
പലസ്തീൻ രാഷ്ട്രം അംഗീകരിച്ച രാജ്യങ്ങളുടെ തീരുമാനത്തിന് വലിയ പ്രാധാന്യമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. ഈ വിഷയത്തിൽ യുഎസ് ഒറ്റപ്പെടുന്നതിൽ തനിക്ക് ആശങ്കയില്ലെന്നും റൂബിയോ വ്യക്തമാക്കി. “ഒട്ടും ആശങ്കയില്ല,” എൻബിസിയുടെ “ടുഡേ” ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ റൂബിയോ പറഞ്ഞു. ഇന്നലെ യുഎന്നിൽ നടന്ന ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടിക്ക് ശേഷം, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ തുടങ്ങിയ സഖ്യകക്ഷികൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു. ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിൽ ഈ രാജ്യങ്ങൾ വലിയ പങ്ക് വഹിക്കില്ലെന്ന് റൂബിയോ പറഞ്ഞു.











