ലോസ് ഏഞ്ചല്‍സിനെ വിഴുങ്ങി കാട്ടുതീ : വീട് നഷ്ടപ്പെട്ടവരില്‍ പാരീസ് ഹില്‍ട്ടണും ആദം ബ്രോഡിയും ആന്റണി ഹോപ്കിന്‍സും ഉള്‍പ്പെടെ നിരവധി താരങ്ങള്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ഏഞ്ചല്‍സില്‍ സര്‍വ്വതും വിഴുങ്ങി കാട്ടുതീ പടരുകയാണ്. കാട്ടുതീയില്‍ വീട് നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകളില്‍ സിനിമാ-ടെലിവിഷന്‍ താരങ്ങളും ഉള്‍പ്പെടുന്നു. ഈ ആഴ്ചയുണ്ടായ തീപിടുത്തത്തില്‍ ദുരിതമനുഭവിച്ച പ്രശസ്തരായ ചില സെലിബ്രിറ്റികളില്‍ പാരീസ് ഹില്‍ട്ടണും ആന്റണി ഹോപ്കിന്‍സും ആദം ബ്രോഡിയുമുള്‍പ്പെടെയുണ്ട്.

പാരീസ് ഹില്‍ട്ടണ്‍
കടല്‍ത്തീരത്തായുള്ള തന്റെ വീട് കത്തിനശിക്കുന്നത് ടെലിവിഷനില്‍ തത്സമയം കണ്ട് കര്‍ന്നിരിക്കുകയാണ് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയും ബിസിനസുകാരിയും സോഷ്യലൈറ്റും മോഡലും ഗായികയും നടിയും ഡിജെയുമായ പാരീസ് ഹില്‍ട്ടണ്‍. ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനിച്ച് അവിടെയും ലോസ് ഏഞ്ചല്‍സിലും വളര്‍ന്ന അവര്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍സിന്റെ സ്ഥാപകനായ കോണ്‍റാഡ് ഹില്‍ട്ടന്റെ കൊച്ചുമകളാണ്.

‘ഇപ്പോഴും അപകടത്തില്‍പ്പെട്ടവരെയോ കൂടുതല്‍ നഷ്ടങ്ങള്‍ ദുഃഖിക്കുന്നവരെയോ ഓര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നു. നാശം സങ്കല്‍പ്പിക്കാനാവാത്തതാണ്,’ ഹില്‍ട്ടണ്‍ സമൂഹ മാധ്യമത്തില്‍ എഴുതി.

ആന്റണി ഹോപ്കിന്‍സ്
രണ്ട് തവണ ഓസ്‌കാര്‍ ജേതാവായ നടന്‍ ആന്റണി ഹോപ്കിന്‍സ്, ‘ദി സൈലന്‍സ് ഓഫ് ദി ലാംബ്‌സ്’ എന്ന ചിത്രത്തിലെ അഭിനയത്തിനും പേരുകേട്ടയാളാണ്. 87 വയസ്സുള്ള അദ്ദേഹത്തിനും തന്റെ ആഡംബര വീട് നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ വീട് കത്തിനശിച്ചതായി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഹോപ്കിന്‍സ് ഇതുവരെ ഇതുമായി ബന്ധപ്പെട്ട് വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

ജെഫ് ബ്രിഡ്ജസ്
‘ദി ബിഗ് ലെബോവ്‌സ്‌കി’ എന്ന കള്‍ട്ട് ക്ലാസിക് ചിത്രത്തിലൂടെ പ്രശസ്തനായ ഓസ്‌കാര്‍ ജേതാവ് ജെഫ് ബ്രിഡ്ജസിന് കുടുംബത്തോടൊപ്പം തമാസിച്ചിരുന്ന വീട് നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ബില്ലി ക്രിസ്റ്റല്‍

‘ഹാരി മെറ്റ് സാലി’ താരം ബില്ലി ക്രിസ്റ്റല്‍ 46 വര്‍ഷമായി താന്‍ താമസിച്ചിരുന്ന വീട് കത്തിയെരിഞ്ഞുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഒരു ടെന്നീസ് കോര്‍ട്ട് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും പറഞ്ഞു. ‘നമ്മള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന നാശത്തിന്റെ തീവ്രത വാക്കുകള്‍ക്കൊണ്ട് വിവരിക്കാന്‍ കഴിയില്ലെന്നും 76 കാരനായ ക്രിസ്റ്റല്‍ ഭാര്യ ജാനിസിനൊപ്പം ഒരു സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

യൂജിന്‍ ലെവി

‘ഷിറ്റ്‌സ് ക്രീക്ക്’, ‘അമേരിക്കന്‍ പൈ’ നടന്‍ യൂജിന്‍ ലെവയുടെ ഒരു വീട് കത്തിനശിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ അയല്‍പക്കത്തുള്ളവരെ രക്ഷിക്കാന്‍ താന്‍ ശ്രമിച്ചതിനെക്കുറിച്ച് ലെവി മുമ്പ് ലോസ് ഏഞ്ചല്‍സ് ടൈംസിനോട് പറഞ്ഞിരുന്നു.

ജോണ്‍ ഗുഡ്മാന്‍

‘റോസാന്‍’ നടന്‍ ജോണ്‍ ഗുഡ്മാന്റെ വീട് കത്തി നശിച്ചതായി പീപ്പിള്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച ഫോട്ടോകള്‍ വ്യക്തമാക്കുന്നു.

മാര്‍ക്ക് ഹാമില്‍
തന്റെ ഭാര്യയും വളര്‍ത്തുനായയും തീപിടുത്തത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപെട്ടതെന്നും അവര്‍ വീട്ടില്‍ നിന്നും ഓടി രക്ഷപെടുകയായിരുന്നുവെന്നും ‘സ്റ്റാര്‍ വാര്‍സ്’ താരം മാര്‍ക്ക് ഹാമില്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ജെന്നിഫര്‍ ഗ്രേ
‘ഡേര്‍ട്ടി ഡാന്‍സിംഗ്’ താരം ജെന്നിഫര്‍ ഗ്രേയ്ക്കും തീപിടുത്തത്തില്‍ തന്റെ വീട് നഷ്ടപ്പെട്ടു.

ആദം ബ്രോഡി
ഗോള്‍ഡന്‍ ഗ്ലോബ് നോമിനിയായ ആദം ബ്രോഡി (‘നോബി വാണ്ട്‌സ് ദിസ്,’ ‘ദി ഒസി’) യും നടി ഭാര്യ ലൈറ്റണ്‍ മീസ്റ്ററിനും (‘ഗോസിപ്പ് ഗേള്‍’) പസഫിക് പാലിസേഡ്‌സിലെ വീട് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അഗ്നിക്കിരയായ അവരുടെ വീടിന്റെ ചിത്രങ്ങള്‍ പീപ്പിള്‍ മാഗസിന് പുറത്തുവിട്ടിട്ടുണ്ട്.

‘ദി പ്രിന്‍സസ് ബ്രൈഡ്’ താരം കാരി എല്‍വെസ്, താനും കുടുംബവും ഒഴിഞ്ഞുപോയ ശേഷം തന്റെ വീട് കത്തിനശിച്ചുവെന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ‘വിപ്ലാഷ്’ താരം മൈല്‍സ് ടെല്ലറും ഭാര്യ കെലീ ടെല്ലറുടേയും വീട് അഗ്നി വിഴുങ്ങി.
എമ്മി പുരസ്‌കാര ജേതാവായ നടന്‍ ജെയിംസ് വുഡ്‌സും ഇതേ ദുഖത്തിന്റെ പിടിയിലാണ്. അമേരിക്കന്‍ ഗായിക ജെനെ ഐക്കോ വീട് നഷ്ടപ്പെട്ടുവെന്നും താനും പങ്കാളിയും രണ്ട് കുട്ടികളും സുരക്ഷിതരാണെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, ഞങ്ങളുടെ വീട് സുരക്ഷിതമാണെന്നും മറ്റ് പലര്‍ക്കും എല്ലാം നഷ്ടപ്പെട്ടുവെന്നും വീടിന് സമീപം വരെ തീ എത്തിയെന്നും ഓസ്‌കാര്‍ ജേതാവ് ജാമി ലീ കര്‍ട്ടിസ് പറഞ്ഞു. തീപിടുത്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ നല്‍കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

More Stories from this section

family-dental
witywide