
ആപ്പിള്‍ ഇന്ത്യയില്‍ ഉൽപാദനം നടത്തുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തീരെ പിടിച്ചിട്ടില്ല. ദോഹയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ടതില്ലെന്ന് സിഇഒ ടിം കുക്കിനോട് ട്രംപ് ആവശ്യപ്പെട്ടത്. ഇന്ത്യയുടെ കാര്യം അവര്‍തന്നെ നോക്കിക്കോളുമെന്നും ആപ്പിൾ അമേരിക്കയിൽ വന്ന് ഉൽപാദനം നടത്താനുമാണ് ട്രംപ് ആവശ്യപ്പെട്ടത്.
ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്ന ആപ്പിളിന് ഒരു സുപ്രഭാതത്തില്‍ ട്രംപിന്റെ വാക്കുകേട്ട് ഇന്ത്യ വിടാൻ സാധിക്കുമോ?
ആപ്പിളിനെ സംബന്ധിച്ചിടത്തോളം അതിൻ്റെ സുപ്രധാനമായ നിര്‍മാണ കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യ. 2024 ലെ കണക്കെടുത്താല്‍ ആഗോള ഐഫോണ്‍ ഉത്പാദനത്തില്‍ 16 മുതല്‍ 17 ശതമാനം വരെ ഇന്ത്യയില്‍ നിന്നാണ്. 2026-27 വര്‍ഷങ്ങളില്‍ ഇത് 35 ശതമാനമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. ഫോക്‌സ്‌കോണ്‍, പെഗട്രോണ്‍, ടാറ്റ ഇലക്ട്രോണിക്‌സ് തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കുന്നുണ്ട്.വര്‍ഷങ്ങളായി ആപ്പിള്‍ ഐഫോണ്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളുടെ ഉത്പാദനത്തിനായി ആശ്രയിക്കുന്നത് ചൈനയെയാണ്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ഐഫോണുകളുടെ ചരക്കുനീക്കത്തിലുണ്ടാക്കുന്ന അനിശ്ചിതാവസ്ഥകളാണ് ആപ്പിളിനെ വെട്ടിലാക്കിയത്.
കോവിഡ് കാലത്തും ഉത്പാദനം ചൈനയിലായത് ആപ്പിളിന് വലിയ വെല്ലുവിളി സൃഷ്ടിച്ചു. ഇതോടെ വിയറ്റ്‌നാം, ഇന്ത്യ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളിലേക്ക് നിക്ഷേപം വര്‍ധിപ്പിച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പിന്തുണയില്‍ ഇന്ത്യയിലേക്കുള്ള ആപ്പിളിന്റെ വരവ് കൂടുതല്‍ വേഗത്തിലായി.
വ്യാപാര ശത്രുവായ ചൈനയ്ക്ക് മറ്റ് രാജ്യങ്ങളുടെ ഇരട്ടിയിലധികം തീരുവ ട്രംപ് ചുമത്തിയത് ആപ്പിളിനെ കുഴക്കി. ഇതോടെ ഐഫോണുകളുടെ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആപ്പിള്‍ ശക്തമാക്കി. ചൈന കഴിഞ്ഞാല്‍, ഉത്പാദന ചെലവ് കുറവും, വിദഗ്ദരായ തൊഴിലാളികളുടെ ലഭ്യതയും ഉത്പാദന വേഗക്കൂടുതലും ഭരണകൂടത്തിന്റെ പിന്തുണയുമുള്ള രാജ്യമാണ് ഇന്ത്യ. ഉത്പാദന കേന്ദ്രം എന്നതിലുപരി ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ആപ്പിളിനെ സംബന്ധിച്ച് വലിയൊരു വിപണി കൂടിയാണ്.
ചൈനയ്ക്കുമേല്‍ യുഎസ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനുള്ള ലക്ഷ്യങ്ങളിലൊന്ന്, അമേരിക്കന്‍ കമ്പനികളുടെ ഉത്പാദനം യുഎസിലേക്ക് തിരികെ എത്തിക്കുക എന്നതായിരുന്നു. എന്നാൽ ആപ്പിൾ യുഎസിനു പകരം ഇന്ത്യയെ പിടിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ഉത്പാദനം യു.എസ്സിലാക്കുക ആപ്പിളിനെ സംബന്ധിച്ച് ഒട്ടും എളുപ്പമല്ല.
ഐഫോണുകളുടെ ഉത്പാദനം യുഎസിലേക്ക് മാറ്റിയാല്‍ ചെലവ് മൂന്നിരട്ടിയാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. സിഎന്‍എന്‍ റിപ്പോര്‍ട്ട് അനുസരിച്ചാണെങ്കില്‍ 1000 ഡോളറിനു കിട്ടുന്ന ഐഫോണിന്റെ വില 3500 ഡോളറോളം വര്‍ധിക്കുന്ന സ്ഥിതി വരും.
കൂടാതെ,ഉത്പാദനരംഗത്ത് വിദഗ്ധരായ തൊഴിലാളികൾ യുഎസില്‍ ഇല്ല. ഉത്പാദനം യുഎസിലേക്ക് മാറ്റിയാല്‍ തൊഴിലാളികളെ ലഭ്യമാക്കുന്നത് മുതല്‍ വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നത് വരെ ആപ്പിളിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാവും.
ട്രംപിന്റെ ആവശ്യം പരിഗണിച്ച് യുഎസില്‍ കേന്ദ്രീകരിക്കാന്‍ ആപ്പിള്‍ ശ്രമിച്ചാല്‍ അത് ഭീമമായ സാമ്പത്തിക ബാധ്യതയിലേക്ക് മാത്രമേ കമ്പനിയെ തള്ളിവിടൂ.
ഇറക്കുമതി ചുങ്കം സംബന്ധിച്ച് യുഎസും ചൈനയും തമ്മിൽ നടത്തിയ ചർച്ചകളുടെ വിവരം പുറത്തുവിട്ടിട്ടില്ല. ആപ്പിൾ ചൈന വിടുന്നത് ചൈനക്ക് വലിയ തിരിച്ചടിയായിരിക്കും . അത് ഇന്ത്യയിലേക്ക് എത്താതിരിക്കാൻ അവർ പരിശ്രമിക്കും എന്നതിൽ തർക്കമില്ല. അതിനാൽ തന്നെ ട്രംപിൻ്റെ വാക്കുകളിലെ ഇന്ത്യ വിരോധം എന്താണെന്ന് പിന്നീട് പുറത്തു വന്നേക്കാം. കാരണം ട്രംപിൻ്റെ നിഘണ്ഡുവിലെ ഏറ്റവും മനോഹരമായ പദമാണ് താരിഫ്. അത് ആര് അനുകൂലമാക്കുന്നോ അവർക്കൊപ്പമായിരിക്കും ട്രംപ്.
Will Apple leave India after Trump’s order iPhone price will triple if shifted to the US