
ന്യൂയോര്‍ക്ക്: ഡോണൾഡ് ട്രംപ് ഭരണകൂടം ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യൻ വംശജനും യുഎസ് പൗരനുമായ സോഹ്റാൻ മംദാനിയെ നാടുകടത്തുമോ എന്ന ചോദ്യം ഉയരുന്നു. മംദാനിയെ ‘100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍’ എന്നാണ് ട്രംപ് വിളിച്ചത്. മംദാനിയെ പിന്തുണയ്ക്കുന്ന മറ്റ് നേതാക്കളെയും ട്രംപ് വിമര്‍ശിച്ചു.
പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടിയും അനുബന്ധ ഗ്രൂപ്പുകളും സോഹ്റാൻ മംദാനിയുടെ പൗരത്വ നിലയെക്കുറിച്ച് ഫെഡറൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മംദാനി കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ 2018ലാണ് യുഎസ് പൗരനായത്. ഇതിനു മുൻപും, അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെയും യുഎസ് വിദേശനയത്തെക്കുറിച്ചുള്ള നിലപാടുകളുടെയും പേരിൽ അദ്ദേഹത്തിന് ഇസ്ലാമോഫോബിക് പരാമർശങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
പലസ്തീനികള്‍ക്കുവേണ്ടി സംസാരിക്കുകയും ഇസ്രായേലിനെതിരെ ‘വംശഹത്യ’ ആരോപിക്കുകയും ചെയ്ത മംദാനിയോട് ട്രംപിന് വിയോജിപ്പാണ്. ഈ സാഹചര്യത്തിലാണ് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പില്‍ വിജയിച്ച മംദാനിക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പടപ്പുറപ്പാട് തുടങ്ങിയത്.









