ന്യൂഡൽഹി: അമേരിക്കയുടെ താരിഫിൽ മാറ്റം വരാൻ സാധ്യതയുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിനുമായുള്ള കൂടിക്കാഴ്‌ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. സമാധാനത്തിനായുള്ള ഇരുവരുടെയും ശ്രമം അത്യന്തം പ്രശംസനീയമാണെന്നും ഉച്ചകോടിയിലുണ്ടായ പുരോഗതിയെ ഇന്ത്യ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ മുന്നോട്ട് പോകാൻ കഴിയൂവെന്നും സംഘർഷത്തിന് എത്രയും പെട്ടെന്ന് ഒരവസാനം കാണാൻ ലോകം ആഗ്രഹിക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
റഷ്യയ്ക്കും അതിന്റെ വ്യാപാര പങ്കാളികൾക്കും മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്ന കാര്യം ഉടൻ പരിഗണിക്കുന്നില്ലെന്ന് ചർച്ചയ്ക്ക് പോകുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇന്ന് നടന്ന കാര്യങ്ങൾ കാരണം എനിക്ക് താരിഫുകളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ടിവരുമെന്ന് തോന്നുന്നില്ല. ഇനി രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ അതേക്കുറിച്ച് ചിന്തിക്കേണ്ടി വന്നേക്കാം. പക്ഷേ, ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും കൂടിക്കാഴ്ച വളരെ നന്നായി നടന്നുവെന്നാണ് കരുതുന്നതെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു.













