
വാഷിംഗ്ടൺ/ക്വാലാലംപുർ: നിലവിൽ കൂടിക്കാഴ്ചയ്ക്ക് ഔദ്യോഗികമായി ഒരു പദ്ധതികളും ഇല്ലെങ്കിലും, ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താൻ തന്‍റെ ഏഷ്യൻ പര്യടനം നീട്ടാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കിം ജോങ് ഉന്നുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ രഹസ്യമായി ചർച്ച ചെയ്തിരുന്നുവെങ്കിലും, ഈ കൂടിക്കാഴ്ച നടക്കുമോ എന്നതിൽ പലർക്കും സംശയമുണ്ടെന്ന് യാത്രാ വിവരങ്ങൾ അറിയുന്ന വൃത്തങ്ങൾ പറയുന്നു.
ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് കാര്യങ്ങൾ എത്ര വേഗത്തിൽ മാറിയെന്നതിന് ഉദാഹരണമായി ഒരു സംഭവം ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്‍റ് ട്വിറ്ററിലൂടെ ഒരു ക്ഷണക്കത്ത് നൽകി 48 മണിക്കൂറിനുള്ളിൽ തന്നെ ഇരു നേതാക്കൾക്കും കൊറിയൻ സൈനികരഹിത മേഖലയിൽ (DMZ) വെച്ച് ഹസ്തദാനം നൽകാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചിരുന്നു. ഇരു നേതാക്കളും തമ്മിലുള്ള ബന്ധം ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ, ട്രംപിന്‍റെ ഈ പുതിയ താൽപ്പര്യം ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായേക്കാം.
നേരത്തെ, ട്രംപിനും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനും സംഭാഷണത്തിൽ ഇടപെടാൻ കഴിഞ്ഞേക്കുമെന്ന് ദക്ഷിണ കൊറിയ പ്രസിഡന്റ് ലീ ജെയ് മ്യുങ് പറഞ്ഞിരുന്നു. പ്രസിഡന്റ് ട്രംപ് ലോകസമാധാനം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് വിശ്വാസമുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തെ സമാധാന ദൂതനായി ഞാൻ നിർദേശിച്ചു,” ലീ പറഞ്ഞു. ഏഷ്യയിലേക്കുള്ള യാത്രയിൽ ട്രംപ് കിമ്മുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യത കുറവാണെങ്കിലും, “യുഎസും ഉത്തര കൊറിയയും തമ്മിലുള്ള നേതാക്കൾക്ക് പെട്ടെന്ന് കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞാൽ അത് അത്യധികം നല്ലതായിരിക്കും” എന്നും ലീ ജെയ് മ്യുങ് അഭിപ്രായപ്പെട്ടു.













