സമാധാന കരാര്‍ നിരീക്ഷിക്കാന്‍ യുഎസ് സൈന്യം ഇസ്രായേലിലേക്ക് പോകുമോ ? ഇതാ വൈറ്റ് ഹൗസിന്റെ വിശദീകരണം

വാഷിംഗ്ടണ്‍ : ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന കരാര്‍ നിരീക്ഷിക്കാന്‍ യുഎസ് ഇസ്രായേലിലേക്ക് സൈന്യത്തെ അയയ്ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വൈറ്റ് ഹൗസ്. ഏകദേശം 200 സൈനികര്‍ ഇസ്രായേലിലേക്ക് പോകുന്നുണ്ടെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അവിടെ ഒരു ‘സിവില്‍-മിലിട്ടറി കോര്‍ഡിനേഷന്‍ സെന്റര്‍’ ( സിഎംസിസി) സ്ഥാപിക്കാന്‍ പോകുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രായേലിലെ സമാധാന കരാറിനെ സൈന്യം പിന്തുണയ്ക്കുമെന്ന് ഫോക്‌സ് ന്യൂസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് ശരിയല്ല എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വിശദീകരണം നല്‍കിയിരിക്കുന്നത്.

‘വ്യക്തമായി പറഞ്ഞാല്‍: CENTCOM-ല്‍ ഇതിനകം നിലയുറപ്പിച്ചിട്ടുള്ള 200 യുഎസ് ഉദ്യോഗസ്ഥരെ ഇസ്രായേലിലെ സമാധാന കരാര്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തും, അവര്‍ മറ്റ് അന്താരാഷ്ട്ര സേനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും,’ അവര്‍ ഒരു ട്വീറ്റില്‍ പറഞ്ഞു.

എന്നാല്‍, സിഎംസിസിയില്‍ കേന്ദ്രബിന്ദു യുഎസ് സൈനികരായിരിക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള സൈനിക പ്രതിനിധികളും ഇതില്‍ ഉള്‍പ്പെടുമെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ, യുഎസ് സൈനികര്‍ ഗാസയിലേക്ക് പോകാന്‍ പദ്ധതിയിടുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഗാസ കരാര്‍ ആരംഭിച്ചുകഴിഞ്ഞാല്‍, അത് പ്രാദേശിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള കൂടുതല്‍ സാധാരണവല്‍ക്കരണ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനും സഹായിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. ഗാസയില്‍ രക്തച്ചൊരിച്ചിലുകള്‍ക്കും 67000 ജീവനുകള്‍ പൊലിഞ്ഞ മാരക ആക്രമണങ്ങള്‍ക്കും കാരണമായ യുദ്ധത്തിന് ശേഷം, ഇസ്രായേലും ഹമാസും വ്യാഴാഴ്ച താല്‍ക്കാലികമായി യുദ്ധം നിര്‍ത്താന്‍ സമ്മതിച്ചു. ഗാസയിലെ വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടത്തില്‍ പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി ഗാസയില്‍ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കും. യുഎസ് മുന്നോട്ടുവെച്ച 21 ഇന പദ്ധതിയാണ് ഇരുകൂട്ടരും സമ്മതിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide