അമ്മയെ കാണാൻ വാവിട്ട് കരഞ്ഞ് ഒന്നര വയസുകാരി; മനസ് തെല്ലും അലിയാതെ ട്രംപ് ഭരണകൂടം, യുവതിയെ നാടുകടത്തി

വാഷിംഗ്ടൺ: അനധികൃത കുടിയേറ്റം ആരോപിച്ച് ക്യൂബന്‍ സ്വദേശിയായ യുവതിയെ നാടുകടത്തി യുഎസിലെ ഡോണൾഡ് ട്രംപ് സര്‍ക്കാര്‍. 17 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ യുവതിയുടെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങി അഭിഭാഷകനെ ഏല്‍പ്പിച്ച ശേഷമാണ് യുവതിയെ നാടുകടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഹെയ്ദി സാഞ്ചസെന്ന യുവതിയും കുടുംബവുമാണ് ട്രംപ് സര്‍ക്കാരിന്‍റെ കടുത്ത നടപടിയില്‍ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്നത്.

ഏപ്രില്‍ അവസാന ആഴ്ചയിലാണ് ഹെയ്ദിയെ നാടുകടത്താനുള്ള നടപടിക്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചത്. കസ്റ്റംസില്‍ നിന്നും ഹെയ്ദിയെ ബന്ധപ്പെട്ടു. നേരിട്ട് ഹാജരായതോടെ അടുത്ത ദിവസം എത്താൻ ആവശ്യപ്പെട്ടു. ഭര്‍ത്താവും കൈക്കുഞ്ഞുമൊത്ത് കസ്റ്റംസ് ഓഫിസിലെത്തിയതിന് പിന്നാലെ ഹെയ്ദിയെ കസ്റ്റഡിയിലെടുക്കുയാണ് ചെയ്തത്. കുഞ്ഞിനെ അഭിഭാഷകന് കൈമാറിയ ശേഷം ഭര്‍ത്താവിന് നല്‍കാന്‍ പറ‍ഞ്ഞു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി അകത്തേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അവര്‍ വെളിപ്പെടുത്തുന്നു. അകത്തെ മുറിയിലേക്ക് ഭര്‍ത്താവിനെ കടത്തിവിട്ടില്ലെന്നും ഭര്‍ത്താവിനെ കണ്ട് യാത്ര പറയാന്‍ പോലും അനുവദിച്ചില്ലെന്നും യുവതി പറഞ്ഞു.

യുഎസിലെ ജനപ്രതിനിധിയായ കാത്തി കാസ്റ്ററാണ് ഹെയ്ദിയുടെ ഭര്‍ത്താവായ കാരളിനെ സന്ദര്‍ശിച്ച ശേഷം ദുരവസ്ഥ ലോകത്തെ അറിയിച്ചത്. ‘തരംതാണ രാഷ്ട്രീയക്കളിക്കായി കുടുംബങ്ങളെ വേര്‍പെടുത്തുകയാണ് ട്രംപ് ഭരണകൂടം ചെയ്യുന്നതെന്നും കുടുംബത്തെ ഒന്നിച്ച് ചേര്‍ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും’ കാത്തി കുറിച്ചു.

More Stories from this section

family-dental
witywide