
ഷിക്കാഗോ: ഇല്ലിനോയിസിൽ യുവതിയെ കൊലപ്പെടുത്തി കണ്ടെയ്‌നറിൽ ഒളിപ്പിച്ച കേസിൽ പ്രതിയായ മെക്സിക്കൻ പൗരനെ അമേരിക്കൻ ഇമിഗ്രേഷൻ അധികൃതർ ഷിക്കാഗോയിൽ വെച്ച് വീണ്ടും അറസ്റ്റ് ചെയ്തു. ഗുരുതരമായ ആരോപണങ്ങൾ നേരിട്ടിട്ടും മാസങ്ങൾക്ക് മുമ്പ് ഇയാളെ കോടതി വിട്ടയച്ചിരുന്നു. ഇല്ലിനോയിയിലെ വൗക്കഗൻ സ്വദേശിയായ 52 വയസുകാരൻ ജോസ് ലൂയിസ് മെൻഡോസ-ഗോൺസാലസിനെ ആദ്യം ഏപ്രിലിലാണ് അറസ്റ്റ് ചെയ്തത്.
37 വയസുകാരിയായ മെഗൻ ബോസിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കണ്ടെയ്‌നറിൽ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി. മൃതദേഹം ഒളിപ്പിച്ചു വെച്ചതിനും മൃതദേഹത്തോട് അനാദരവ് കാട്ടിയതിനും നീതിന്യായ വ്യവസ്ഥയെ തടസപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നതായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) അറിയിച്ചു.
എന്നാൽ, ആദ്യ കോടതി നടപടികൾക്ക് തൊട്ടുപിന്നാലെ, ഇല്ലിനോയിസിന്റെ സേഫ്റ്റി, അക്കൗണ്ടബിലിറ്റി, ഫെയർനസ് ആൻഡ് ഇക്വിറ്റി-ടുഡേ (SAFE-T) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ലേക്ക് കൗണ്ടി ജഡ്ജി റാൻഡി ബ്രൂണോ മെൻഡോസ ഗോൺസാലസിനെ വിട്ടയക്കുകയായിരുന്നു. ഇത്രയും ക്രൂരമായ കുറ്റകൃത്യത്തിൽ ആരോപണവിധേയനായ ഒരാളെ വിട്ടയച്ചതിനെതിരെ പൊതുപ്രവർത്തകർക്കിടയിൽ നിന്ന് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു.
ശനിയാഴ്ച, ഷിക്കാഗോയിലെ ഒരു മാർക്കറ്റിൽ വെച്ച് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഏജന്റുമാർ മെൻഡോസ ഗോൺസാലസിനെ വീണ്ടും കസ്റ്റഡിയിലെടുത്തു. നിലവിൽ ഇയാൾ ഇമിഗ്രേഷൻ അധികൃതരുടെ കസ്റ്റഡിയിലാണെന്ന് ഡിഎച്ച്‍എസ് സ്ഥിരീകരിച്ചു. മാർച്ച് ഒമ്പതിന് കാണാതായെന്ന് റിപ്പോർട്ട് ചെയ്ത മെഗൻ ബോസിന്റെ മൃതദേഹം ഏപ്രിലിലാണ് കണ്ടെത്തിയത്.