യുഎസ് കുടിയേറ്റ തടങ്കൽ കേന്ദ്രങ്ങളിൽ കൊടും ക്രൂരതകൾ; പുരുഷ തടവുകാർക്ക് മുന്നിൽ മൂത്രമൊഴിക്കേണ്ട ഗതികേടിൽ സ്ത്രീകൾ, ഞെട്ടിക്കുന്ന റിപ്പോ‍ർട്ട്

മയാമി: അമേരിക്കയിലെ വിവിധ കുടിയേറ്റ തടങ്കൽ കേന്ദ്രങ്ങളിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർ നേരിടുന്ന മനുഷ്യത്വരഹിതമായ സാഹചര്യങ്ങളും തടവുകാരോടുള്ള നിന്ദ്യമായ പെരുമാറ്റങ്ങളും വെളിപ്പെടുത്തി പുതിയ റിപ്പോർട്ട്. ഏറ്റവും ഞെട്ടിക്കുന്ന വിവരങ്ങളിൽ ഒന്ന്, വെസ്റ്റ് മിയാമിയിലെ ക്രോം നോർത്ത് സർവീസ് പ്രോസസ്സിംഗ് സെന്ററിലെ വനിതാ തടവുകാരുടെ അവസ്ഥയാണ്. ഇവിടെ പുരുഷ തടവുകാരുടെ മുന്നിൽ വെച്ച് സ്ത്രീകൾക്ക് ശൗചാലയം ഉപയോഗിക്കാൻ നിർബന്ധിതരാകേണ്ടി വന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

സ്ത്രീകൾക്ക് അവരുടെ ലിംഗഭേദത്തിന് അനുയോജ്യമായ വൈദ്യസഹായം, അടിസ്ഥാന ശുചിത്വ സൗകര്യങ്ങൾ, ആവശ്യത്തിന് ഭക്ഷണം എന്നിവ നിഷേധിക്കപ്പെട്ടുവെന്നും ആരോപിക്കുന്നു. പുരുഷന്മാർക്ക് മാത്രമുള്ള സൗകര്യമായിരുന്നിട്ടും, സ്ത്രീകളെ അവിടെ തടഞ്ഞുവെച്ചു. അവർക്ക് കുളിക്കാനോ സ്വകാര്യതയ്ക്കോ സൗകര്യമുണ്ടായിരുന്നില്ല. കൂടാതെ ചിലർ പുരുഷ തടവുകാരുടെ ഒളിഞ്ഞുനോട്ടത്തിന് ഇരയായി. ഈ പ്രോസസ്സിംഗ് മണിക്കൂറുകളല്ല, ദിവസങ്ങളോളം നീണ്ടുനിന്നതായും റിപ്പോർട്ട് പറയുന്നു.

കൂടാതെ, കുടിയേറ്റക്കാരെ കൈകൾ പിന്നിൽ കെട്ടി വിലങ്ങണിയിക്കുകയും സ്റ്റൈറോഫോം പ്ലേറ്റുകളിൽ നിന്ന് നായകളെപ്പോലെ മുട്ടുകുത്തി ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡസൻ കണക്കിന് പുരുഷന്മാരെ മണിക്കൂറുകളോളം തിങ്ങിനിറഞ്ഞ ഒരു സെല്ലിൽ അടച്ചിടുകയും, രാത്രി 7 മണി വരെ ഭക്ഷണം നൽകാതിരിക്കുകയും ചെയ്തു. ഒടുവിൽ ഭക്ഷണം ലഭിച്ചപ്പോൾ പോലും, അവർ വിലങ്ങിൽ തന്നെയായിരുന്നു, ഭക്ഷണം അവരുടെ മുന്നിൽ കസേരകളിൽ വെച്ചു. അവർക്ക് ശരിയായി ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല.

More Stories from this section

family-dental
witywide