
വാഷിംഗ്ടൺ: യുഎസ് മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ വസതിക്ക് മുന്നിൽ വച്ച് ഏറ്റുമുട്ടി ഡ്യൂട്ടിയിലുള്ള വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ. വാഷിംഗ്ടണിലെ ഒബാമയുടെ വീടിന് മുന്നിലാണ് സംഭവം. 70 കോടിയോളം വില വരുന്ന ഒബാമയുടെ വസതിക്ക് മുന്നിൽ വച്ച് ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരേയും സസ്പെൻഡ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകൾ. മെയ് 21ന് പ്രാദേശിക സമയം പുലർച്ചെ 2.30ഓടെയാണ് സംഭവം.
അന്ന് തന്നെ സീക്രട്ട് സർവ്വീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പെരുമാറ്റ ചട്ട ലംഘനത്തിനാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്. കഴിഞ്ഞ വർഷം കമല ഹാരിസിന്‍റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സീക്രട്ട് ഏജന്‍റിനെ സഹപ്രവർത്തകരെ കയ്യേറ്റം ചെയ്തതിന് പിന്നാലെ പുറത്താക്കിയിരുന്നു. വളരെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് സീക്രട്ട് സർവ്വീസിലേക്കുള്ള നിയമനങ്ങൾ നടത്തുന്നത്. എന്നിട്ടും ഇത്തരം ഗുരുതര കൃത്യ വിലോപങ്ങൾ സംഭവിക്കുന്നത്. സീക്രട്ട് ഏജന്റുമാർക്കിടയിലെ ഏറ്റുമുട്ടലിനേക്കുറിച്ച് ഒബാമയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.