
ലണ്ടൻ: ഇസ്രായേലിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്ന മുന്നിറിയിപ്പുമായി യുകെയും ഫ്രാൻസും കാനഡയും. ഗാസയിലെ സൈനിക നടപടികൾ നിർത്താതിരിക്കുകയും കൂടുതൽ സഹായം അനുവദിക്കാതിരിക്കുകയും ചെയ്താൽ ഉപരോധം ഉൾപ്പടെയുള്ള നടപടികൾ ആലോചിക്കുമെന്നാണ് രാജ്യങ്ങൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ഗാസ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ലോകരാജ്യങ്ങളുടെ പിന്തുണയുമായി രംഗത്ത് വന്നത്. ഗാസയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുട്ടികൾ മരിക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഭക്ഷ്യവസ്തുക്കളുമായി കൂടുതൽ ട്രക്കുകൾ ഗാസയിലേക്ക് എത്തിയില്ലെങ്കിൽ വലിയ ദുരന്തമാണ് മേഖലയെ കാത്തിരിക്കുന്നതെന്നും യുഎൻ മുന്നറിയിപ്പ് നൽകി.
ഗാസയിലേക്ക് ഇപ്പോൾ എത്തുന്ന സഹായം അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ പര്യാപ്തമല്ല. സമുദ്രത്തിലെ ഒരു തുള്ളിയെന്ന രീതിയിലാണ് ഗാസയിലേക്ക് ഇപ്പോൾ സഹായം എത്തുന്നത്. സഹായം യഥാർഥത്തിൽ ആവശ്യമുള്ളവരിലേക്ക് ഇപ്പോഴും അത് എത്തിയിട്ടില്ല. പോഷകാഹാര കുറവ് മൂലം അമ്മമാർക്ക് കുട്ടികൾക്ക് പാൽ നൽകാനാവില്ല. കൂടുതൽ ട്രക്കുകൾക്ക് അനുമതി നൽകിയില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുട്ടികൾ ഗാസയിൽ മരിക്കുമെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം തലവൻ ടോം ഫെച്ചർ അറിയിച്ചിരുന്നു.