
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ മാര്‍പ്പാപ്പയായുള്ള ലിയോ പതിനാലാമന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത് ലോക നേതാക്കൾ. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുത്തു.
ഇവരെ കൂടാതെ, യുക്രൈൻ പ്രസിഡന്‍റ് വ്ളോഡമിര്‍ സെലൻസ്കി, കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, പെറു പ്രസിഡന്‍റ് ദിന ബൊലുവാർട്ടെ, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയും പ്രസിഡന്‍റ് സെർജിയോ മാറ്ററെല്ലയും,
ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്‍റണി അൽബനീസ്, ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ, യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്ൻ, ഫ്രാൻസ് പ്രധാനമന്ത്രി ഫ്രാൻസ്വാ ബെയ്റൂ എന്നിവരും പങ്കെടുത്തു. ഇന്ത്യൻ പ്രതിനിധി സംഘവും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഡോണൾഡ് ട്രംപും പോപ്പ് ലിയോയെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്‍റെ അമേരിക്കൻ പൈതൃകത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവർക്ക് അദ്ദേഹവുമായി എങ്ങനെയുള്ള ബന്ധമായിരിക്കുമെന്നുള്ള കാര്യം വ്യക്തമല്ല. കർദ്ദിനാൾ പ്രെവോസ്റ്റിനെ പോപ്പായി നിയമിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ്, അദ്ദേഹത്തിന്‍റെ പേരിലുള്ള ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് വൈസ് പ്രസിഡന്‍റ് കത്തോലിക്കാ സിദ്ധാന്തത്തെ വ്യാഖ്യാനിച്ചതിനെക്കുറിച്ച് ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.