
കാലിഫോർണിയ: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ തെഹ്രിക് ഇ ഇൻസാഫ് (പിടിഐ) സ്ഥാപകനും മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്‍റെ മക്കളുമായി യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ പ്രത്യേക ദൗത്യ പ്രതിനിധി റിച്ചാർഡ് ഗ്രെനൽ കൂടിക്കാഴ്ച നടത്തി. കാലിഫോർണിയയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇമ്രാൻ ഖാന്‍റെ മക്കളായ സുലൈമാൻ ഈസ, ഖാസിം ഖാൻ എന്നിവരെ കണ്ട ശേഷം, മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി രാഷ്ട്രീയ പ്രോസിക്യൂഷനിലാണെന്നും മോചിപ്പിക്കണമെന്ന് ഗ്രെനൽ ആവശ്യപ്പെട്ടു. നിങ്ങൾ തനിച്ചല്ല എന്നും യുഎസ് പ്രതിനിധി ഇമ്രാൻ ഖാന്‍റെ മക്കളോട് പറഞ്ഞു.
നേരത്തെ, ഇമ്രാൻ ഖാൻ അധികാരത്തിലിരുന്നപ്പോൾ ട്രംപ് ഭരണകൂടത്തിന് പാകിസ്ഥാനുമായി വളരെ മികച്ച ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് ഗ്രെനൽ പറഞ്ഞിരുന്നു. ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു. അദ്ദേഹം നിലവിൽ ജയിലിലാണ്. പ്രസിഡന്‍റ് ട്രംപിനെതിരെ ഉന്നയിച്ച അതേ ആരോപണങ്ങളിൽ പലതും അദ്ദേഹവും നേരിടുന്നുണ്ട്. ഭരണകക്ഷി അദ്ദേഹത്തെ ജയിലിൽ അടയ്ക്കുകയും ഏതൊക്കെയോ അഴിമതികളും വ്യാജ ആരോപണങ്ങളും കെട്ടിച്ചമയ്ക്കുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇമ്രാൻ ഖാനെ 2023 ഓഗസ്റ്റ് മുതൽ പാകിസ്ഥാനിലെ അദിയാല ജയിലിൽ അടച്ചിരിക്കുകയാണ്.