
വാഷിംഗ്ടൺ: യുക്രൈൻ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവസ്ഥയെക്കുറിച്ച് യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ്, റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിന് അയച്ച കത്തിലെ വിവരങ്ങൾ പുറത്ത്. കുട്ടികളുടെ “നിഷ്കളങ്കത” സംരക്ഷിക്കണമെന്ന് അവർ കത്തിൽ പുടിനോട് അഭ്യർത്ഥിച്ചു. ശനിയാഴ്ച അലാസ്കയിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഈ കത്ത് പുടിന് കൈമാറി.
യുക്രൈനിന്റെ പേര് പറയാതെയാണ് മെലാനിയ കത്തെഴുതിയത്. സംഘർഷം കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്ന് എടുത്തുപറഞ്ഞ മെലാനിയ, ഓരോ കുട്ടിയും “സ്നേഹവും, നല്ല ഭാവിയും, സുരക്ഷിതത്വവും സ്വപ്നം കാണുന്നു” എന്നും പറഞ്ഞു.
“ഓരോ കുട്ടിയും അവരുടെ ഹൃദയത്തിൽ ഒരേ സ്വപ്നം പങ്കിടുന്നു, അത് ഒരു ഗ്രാമത്തിലായാലും നഗരത്തിലായാലും. അവർ സ്നേഹവും, നല്ല ഭാവിയും, അപകടങ്ങളിൽ നിന്ന് സുരക്ഷിതത്വവും സ്വപ്നം കാണുന്നു. മാതാപിതാക്കൾ എന്ന നിലയിൽ, അടുത്ത തലമുറയുടെ പ്രതീക്ഷകളെ പരിപോഷിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. നേതാക്കൾ എന്ന നിലയിൽ, നമ്മുടെ കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കുറച്ച് പേർക്ക് മാത്രമല്ല. എല്ലാ ആത്മാക്കൾക്കും സമാധാനത്തിൽ ജീവിക്കാൻ കഴിയുന്ന, അന്തസ്സുള്ള ഒരു ലോകം സൃഷ്ടിക്കാൻ നമ്മൾ പരിശ്രമിക്കണം,” അവർ കത്തിൽ കുറിച്ചു.
“ഓരോ തലമുറയിലെയും കുട്ടികൾ ഭൂമിശാസ്ത്രം, സർക്കാർ, പ്രത്യയശാസ്ത്രം എന്നിവയ്‌ക്കെല്ലാം അതീതമായി ഒരു ശുദ്ധിയോടെയാണ് ജീവിതം ആരംഭിക്കുന്നത്,” മെലാനിയ ട്രംപ് കൂട്ടിച്ചേർത്തു. “എന്നാൽ ഇന്നത്തെ ലോകത്തിൽ, ചില കുട്ടികൾക്ക് തങ്ങളെ ചുറ്റിപ്പറ്റിയുള്ള ഇരുട്ടിനെതിരെ നിശ്ശബ്ദമായ ഒരു ചെറുത്തുനിൽപ്പ് നടത്താൻ നിർബന്ധിതരാകുന്നു. മിസ്റ്റർ പുടിൻ, അവരുടെ മനോഹരമായ ചിരി നിങ്ങൾക്ക് ഒറ്റക്ക് തിരികെ നൽകാൻ കഴിയും,” കത്തിൽ അവർ എഴുതി.