‘നിങ്ങള്‍ക്ക് ഗ്രീന്‍ലാന്‍ഡ് കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല’: അന്താരാഷ്ട്ര നിയമം ചൂണ്ടിക്കാട്ടി യുഎസിനോട് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി

ഓസ്ലോ: ഡെന്‍മാര്‍ക്കിനെയും ഗ്രീന്‍ലാന്‍ഡിനെയും യുഎസ് ‘സമ്മര്‍ദ്ദത്തിനും ഭീഷണികള്‍ക്കും’ വിധേയമാക്കുന്നുവെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെന്‍. അന്താരാഷ്ട്ര നിയമം ചൂണ്ടിക്കാട്ടി, ഗ്രീന്‍ലാന്‍ഡിനെ പിടിച്ചെടുക്കാനുള്ള യുഎസ് ശ്രമത്തെ ഡാനിഷ് പ്രധാനമന്ത്രി ശക്തമായി അപലപിച്ചു.

‘നിങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല – അന്താരാഷ്ട്ര സുരക്ഷയുടെ മറവില്‍ പോലും,’ ഗ്രീന്‍ലാന്‍ഡിക് ഉദ്യോഗസ്ഥരുമായി നടത്തിയ പത്രസമ്മേളനത്തില്‍ ഫ്രെഡറിക്‌സെന്‍ പറഞ്ഞു. ‘ദേശീയ അതിര്‍ത്തികള്‍, പരമാധികാരം, പ്രദേശിക സമഗ്രത – ഇവ അന്താരാഷ്ട്ര നിയമത്തില്‍ വേരൂന്നിയതാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ചെറിയ രാജ്യങ്ങള്‍ വലിയ രാജ്യങ്ങളെ ഭയപ്പെടേണ്ടതില്ലാത്ത വിധത്തിലാണ് ഈ തത്വങ്ങള്‍ സ്ഥാപിക്കപ്പെട്ടത്.’ – അവര്‍ യുഎസിനോട് വ്യക്തമാക്കി.

മാത്രമല്ല, അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടാകുന്നതില്‍ ആഴത്തിലുള്ള ആശങ്കയും അവര്‍ പ്രകടിപ്പിച്ചു. ഡെന്‍മാര്‍ക്കിന്റെ ഒരു ഭാഗം നിങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുമ്പോള്‍, നമ്മുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയുടെ സമ്മര്‍ദ്ദവും ഭീഷണികളും ഞങ്ങള്‍ക്ക് നേരിടേണ്ടിവരുമ്പോള്‍, ഇത്രയും വര്‍ഷങ്ങളായി ഞങ്ങള്‍ ആരാധിച്ചിരുന്ന ഈ രാജ്യത്തെക്കുറിച്ച് നമ്മള്‍ എന്താണ് ചിന്തിക്കേണ്ടത്?’ ഫ്രെഡറിക്‌സെന്‍ ചോദിച്ചു. ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടര്‍ച്ചയായി താല്‍പ്പര്യം പ്രകടിപ്പിക്കുന്നതിനിടെയാണ് ഡാനിഷ് പ്രധാനമന്ത്രിയുടെ പത്രസമ്മേളനം നടന്നതെന്നതും ശ്രദ്ധേയം.

More Stories from this section

family-dental
witywide