
വാഷിംഗ്ടൺ: വൈറ്റ് ഹൗസിന്‍റെ ഈസ്റ്റ് വിംഗ് പൊളിച്ച് 300 മില്യൺ ഡോളർ ചെലവിൽ പുതിയ ഡാൻസ് ഹാൾ നിർമ്മിക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തെ വിമർശിച്ച ചെൽസി ക്ലിന്‍റനെതിരെ ട്രംപിന്‍റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയർ. മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റന്‍റെയും മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റന്‍റെയും മകളാണ് ചെൽസി ക്ലിന്‍റൺ. പന്ത്രണ്ടാം വയസിലാണ് വൈറ്റ് ഹൗസ് എൻ്റെ വീടായത്. അത് എന്‍റെ ‘സ്വന്തം വീടല്ല’, ‘ജനങ്ങളുടെ വീടാണ്’ എന്ന് ഞാൻ എപ്പോഴും മനസിലാക്കിയിരുന്നു.” എന്ന് ട്രംപിന്‍റെ നടപടിയെ വിമർശിച്ചുകൊണ്ട് ചെൽസി എക്സിൽ കുറിച്ചു.
ഈസ്റ്റ് വിംഗ് പൊളിക്കാനുള്ള ട്രംപിന്‍റെ നടപടി അമേരിക്കൻ പൈതൃകത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്നും അവർ ആരോപിച്ചു. “ഈസ്റ്റ് വിംഗ് ഇല്ലാതാക്കുന്നത് കേവലം മാർബിളിനെയോ പ്ലാസ്റ്ററിനെയോ കുറിച്ചുള്ളതല്ല — പ്രസിഡന്റ് ട്രംപ് വീണ്ടും നമ്മുടെ പൈതൃകത്തിനു നേരെ ഒരു ഇടിച്ചുതകർക്കുന്ന പന്തുമായി വരുന്നു എന്നതാണ്. അതോടൊപ്പം നമ്മുടെ ജനാധിപത്യത്തെയും നിയമവാഴ്ചയെയും ലക്ഷ്യം വെക്കുന്നു,” ചെൽസി കൂട്ടിച്ചേർത്തു.
ചെൽസിയുടെ വിമർശനത്തിന് ഡോണൾഡ് ട്രംപ് ജൂനിയർ ഉടൻ തന്നെ മറുപടി നൽകി. “ഹഹഹ, നിങ്ങളുടെ മാതാപിതാക്കൾ വൈറ്റ് ഹൗസിൽ നിന്ന് ഫർണിച്ചറും വെള്ളിപ്പാത്രങ്ങളും മോഷ്ടിക്കാൻ ശ്രമിച്ചവരാണ്,” ട്രംപ് ജൂനിയർ ട്വീറ്റ് ചെയ്തു. 2001ൽ ക്ലിന്‍റൺമാർ വൈറ്റ് ഹൗസിൽ നിന്ന് 28,000 ഡോളറിലധികം വിലമതിക്കുന്ന സാധനങ്ങൾ എടുത്തു കൊണ്ടുപോയി എന്ന് ആരോപണം ഉയർന്നിരുന്നു. വ്യക്തിപരമായ സമ്മാനങ്ങളാണെന്ന് കരുതി സർക്കാർ ഉടമസ്ഥതയിലുള്ള ചില വസ്തുക്കൾ ക്ലിന്‍റൺമാർ എടുത്തിരുന്നുവെന്നും, അത് തെറ്റിദ്ധാരണയായിരുന്നുവെന്ന് പറഞ്ഞ് പിന്നീട് തിരികെ നൽകുകയും ചെയ്തിരുന്നു.















