
വാഷിംഗ്ടണ്‍ : യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയ്‌ക്കെത്തി ഒടുവില്‍ വാക്കുകള്‍ക്കൊണ്ട് യുദ്ധം ചെയ്താണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തെറ്റിപ്പിരിഞ്ഞത്. യുക്രെയ്ന്‍ – റഷ്യ യുദ്ധം അവസാനിക്കണമെന്ന് ആഗ്രഹിച്ചവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് സെലന്‍സ്‌കിയെ ട്രംപ് വൈറ്റ് ഹൗസില്‍ നിന്നും പുറത്താക്കിയത്.
എന്നാല്‍, യുഎസുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി പ്രതികരിച്ചത്. യുക്രെയ്‌ന് യുഎസ് കൂടുതല്‍ പിന്തുണ നല്‍കണമെന്നും ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
”അമേരിക്കയെ നഷ്ടപ്പെടുത്താന്‍ യുക്രെയ്ന്‍ ആഗ്രഹിക്കുന്നില്ല. ട്രംപുമായുള്ള തര്‍ക്കം ഇരുപക്ഷത്തിനും നല്ലതല്ല. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയാറാണെന്നു വാദിക്കുന്ന ട്രംപ്, റഷ്യയോടുള്ള യുക്രെയ്‌ന്റെ മനോഭാവം പെട്ടെന്ന് മാറ്റാന്‍ കഴിയില്ലെന്ന് മനസ്സിലാക്കണം. മറ്റൊരു ആക്രമണം നടത്തില്ലെന്ന് ഉറപ്പു ലഭിക്കുന്നതുവരെ റഷ്യയുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടില്ല.” – സെലെന്‍സ്‌കി പറഞ്ഞതിങ്ങനെ
വെള്ളിയാഴ്ചയാണ് ഓവല്‍ ഓഫിസില്‍ യുഎസ് പ്രസിഡന്റും യുക്രെയ്ന്‍ പ്രസിഡന്റും ചര്‍ച്ച നടന്നത്. എന്നാല്‍ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു.