‘സെലെന്‍സ്‌കിക്ക് വേണമെങ്കില്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയും’, കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ട്രംപ്, നാറ്റോയില്‍ അംഗത്വമെന്ന അഭ്യൂഹവും തള്ളി

വാഷിംഗ്ടണ്‍ : യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകളുടെ ഭാഗമായി തിങ്കളാഴ്ച യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

യുദ്ധം അവസാനിപ്പിക്കാന്‍ സെലന്‍സ്‌കിക്ക് ആഗ്രഹമുണ്ടെങ്കില്‍ അത് നടക്കുമെന്നാണ് കുടിക്കാഴ്ചയ്ക്കു മുന്നോടിയായി ട്രംപ് അഭിപ്രായപ്പെട്ടത്. 2014-ല്‍ അമേരിക്ക ഒബാമ ഭരണകൂടത്തിന് കീഴിലായിരിക്കവെയാണ് റഷ്യ ക്രിമിയ പിടിച്ചടക്കിയതെന്നും ട്രംപ് സൂചിപ്പിച്ചു.

അതേസമയം നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനില്‍ (നാറ്റോ) യുക്രെയ്നിനെ ഉള്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ ട്രംപ് തള്ളിക്കളഞ്ഞു. ‘യുക്രെയ്നിന്റെ പ്രസിഡന്റ് സെലെന്‍സ്‌കിക്ക് വേണമെങ്കില്‍ റഷ്യയുമായുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കാന്‍ കഴിയും, അല്ലെങ്കില്‍ അദ്ദേഹത്തിന് യുദ്ധം തുടരാം. അത് എങ്ങനെ ആരംഭിച്ചുവെന്ന് ഓര്‍ക്കുക. യുക്രെയ്ന്‍ നാറ്റോയിലേക്ക് പോകില്ല. ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല!,’ അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ എഴുതി.

സമാധാന കരാറിന്റെ ഭാഗമായി യുഎസിനും യൂറോപ്പിനും ഇനി യുക്രെയ്ന് ശക്തമായ സുരക്ഷ നല്‍കാന്‍ റഷ്യ സമ്മതിച്ചതായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് സിഎന്‍എന്നിനോട് വെളിപ്പെടുത്തിയിരുന്നു. യുക്രെയ്‌ന് നാറ്റോയില്‍ അംഗത്വം നല്‍കുമെന്ന സൂചന നല്‍കുന്ന കാര്യങ്ങളും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു ഇതോടെ, ഇത്തരത്തിലുള്ള ചര്‍ച്ചയും ചൂടുപിടിച്ചിരുന്നു. ഒരു അംഗത്തിനെതിരെയുള്ള ആക്രമണം എല്ലാവര്‍ക്കുമെതിരെയുള്ള ആക്രമണമാണെന്ന നാറ്റോ ശൈലിയില്‍ യുഎസിനും യൂറോപ്പിനും യുക്രെയ്‌ന് സുരക്ഷ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തതോടെ യുക്രെയ്ന്‍ നാറ്റോയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്ക് ചൂടേറുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ട്രംപ് വേരോടെ പിഴുതത്.

More Stories from this section

family-dental
witywide