ജെഡി വാന്‍സുമായി ചര്‍ച്ച നടത്തി സെലെന്‍സ്‌കി, ഓവല്‍ ഓഫീസിലെ കലുഷിതമായ ചര്‍ച്ചയ്ക്കുശേഷം ആദ്യമായി ഇരുവരും നേരിട്ട് സംസാരിച്ചു, വത്തിക്കാനില്‍ എല്ലാം ശാന്തം

വത്തിക്കാന്‍: പോപ്പ് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിനെത്തിയ യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി യുഎസ് ഉന്നത നേതാക്കളുമായും യൂറോപ്യന്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ തിങ്കളാഴ്ച ഒരു ഫോണ്‍ സംഭാഷണം നടത്താനിരിക്കെയാണ് സെലെന്‍സ്‌കി ഉന്നത യുഎസ് നേതാക്കളെ കണ്ടത്.

റോമിലെ യുഎസ് അംബാസഡറുടെ വസതിയില്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും സെലെന്‍സ്‌കി സംസാരിച്ചു. യഥാര്‍ത്ഥ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും പൂര്‍ണ്ണവും നിരുപാധികവുമായ വെടിനിര്‍ത്തലിനുള്ള യുക്രെയ്നിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചതായും സെലെന്‍സ്‌കി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘റഷ്യയ്ക്കെതിരായ ഉപരോധങ്ങള്‍, ഉഭയകക്ഷി വ്യാപാരം, പ്രതിരോധ സഹകരണം, യുദ്ധ സാഹചര്യം, തടവുകാരുടെ കൈമാറ്റം എന്നിവയുടെ ആവശ്യകതയെക്കുറിച്ചും തങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം നിര്‍ത്താന്‍ അവര്‍ തയ്യാറാകുന്നതുവരെ റഷ്യയ്ക്കെതിരെ സമ്മര്‍ദ്ദം ആവശ്യമാണെന്നും സെലെന്‍സ്‌കി ചൂണ്ടിക്കാട്ടി. ഫെബ്രുവരിയില്‍ ഓവല്‍ ഓഫീസില്‍ നടന്ന വിവാദപരമായ കൂടിക്കാഴ്ചയ്ക്ക് ശേഷം വാന്‍സും സെലെന്‍സ്‌കിയും തമ്മിലുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്. യുഎസില്‍ നടന്നതുപോലുള്ള ചര്‍ച്ചയായിരുന്നില്ല , പകരം ശാന്തവും സമാധാനപരവുമായിരുന്നു. പിന്നീട് സെലെന്‍സ്‌കി ലിയോ മാര്‍പാപ്പയുമായും കൂടിക്കാഴ്ച നടത്തി.

യുക്രെയ്‌നിലെ ‘രക്തച്ചൊരിച്ചില്‍’ നിര്‍ത്തുന്നതിനെക്കുറിച്ച് തിങ്കളാഴ്ച പുടിനുമായി സംസാരിക്കാന്‍ പദ്ധതിയിടുന്നതായി ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹം സെലെന്‍സ്‌കിയുമായും വിവിധ നാറ്റോ രാജ്യങ്ങളിലെ നേതാക്കളുമായും സംസാരിക്കും. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് പോകാനുള്ള ഏക മാര്‍ഗം ട്രംപും പുടിനും നേരിട്ടുള്ള ചര്‍ച്ചയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പറഞ്ഞിരുന്നു. അതിന് കുറച്ച് സമയമെടുക്കുമെന്നും റൂബിയോ സൂചന നല്‍കി.

അതേസമയം, റോമില്‍ സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, വാന്‍സ് നാറ്റോ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, യുക്രെയ്ന്‍ യുദ്ധം, നാറ്റോ ചെലവ് എന്നിവയെക്കുറിച്ചായിരുന്നു അവരുടെ സംഭാഷണമെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും യോഗത്തില്‍ പങ്കെടുത്തു.

More Stories from this section

family-dental
witywide