
വാഷിംഗ്ടണ്‍ : റഷ്യയുടെ യുദ്ധത്തില്‍ വലഞ്ഞ യുക്രെയ്‌നില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള സമാധാന കരാര്‍ ചര്‍ച്ചയ്ക്കായി പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി യുഎസിലെത്തി. ട്രംപിനൊപ്പം യൂറോപ്പില്‍ നിന്നുള്ള നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്ന് സെലെന്‍സ്‌കി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്‍കൈ എടുത്ത് നടത്തുന്ന ചര്‍ച്ച തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.45 ന് വൈറ്റ്ഹൗസിലാണ് നടക്കുക. യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ സെലെന്‍സ്‌കിയെ ട്രംപ് അറിയിക്കും. മൂന്നരവര്‍ഷമായി തുടരുന്ന യുദ്ധത്തിന് സമാധാനത്തിന്റെ വെള്ളക്കൊടി ഉയരണമെങ്കില്‍ പുട്ടിന്റെ ആവശ്യങ്ങള്‍ക്കു സെലെന്‍സ്‌കി വഴങ്ങുക തന്നെ വേണം. മാത്രമല്ല, യുക്രെയ്‌നില്‍ സമാധാനം സാധ്യമായാല്‍ ട്രംപിന്റെ ഭരണത്തില്‍ അതൊരു സുപ്രധാന നേട്ടമാകും.
ചര്‍ച്ചയ്ക്കു മുമ്പായി ശുഭ പ്രതീക്ഷ പങ്കുവെച്ച സെലന്‍സ്‌കി യുദ്ധം വേഗത്തിലും വിശ്വസനീയമായും അവസാനിക്കണമെന്ന ആഗ്രഹം നമുക്കെല്ലാവര്‍ക്കും ഉണ്ടെന്നും സമാധാനം നിലനില്‍ക്കണമെന്നും എക്‌സില്‍ കുറിച്ചിരുന്നു.
ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ തുടങ്ങിയവര്‍ സെലെന്‍സ്‌കിയുമായി ചര്‍ച്ച നടത്തും. സമാധാന കരാറിന്റെ ഭാഗമായി, യുഎസും യൂറോപ്പും യുക്രെയ്നു സുരക്ഷ നല്‍കുന്നതില്‍ വിരോധമില്ലെന്നു റഷ്യ സമ്മതിച്ചിരുന്നു. അതിനിടെ നാറ്റോ സഖ്യത്തിലേക്ക് യുക്രെയ്‌നെ പ്രവേശിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം പാടേ തള്ളി ട്രംപ് രംഗത്തെത്തിയിരുന്നു.